ശൈഖ് ഹസീന യു. കെയില്‍ അഭയം തേടിയേക്കും.
ഡല്‍ഹി-ബംഗ്ലാദേശ്: ശൈഖ് ഹസീനയുടെ വിമാനം ഖാസിയാബാദിലെ ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വന്‍ സുരക്ഷയൊരുക്കി ഇന്ത്യ. അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പോയ തൊഴിലാളികളെയടക്കം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. താത്‌കാലികമായി അതിര്‍ത്തി അടക്കാനും സാധ്യതയുണ്ട്. ബി എസ് എഫ് ജവാന്മാരാണ് 4000 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന അതിര്‍ത്തിക്ക് കാവലൊരുക്കുന്നത്. അതിര്‍ത്തി സുരക്ഷ സന്ദര്‍ശിക്കാന്‍ ബി. എസ്. എഫ്. ഡയറക്ടര്‍ ചുമതലയുള്ള ദല്‍ജിത്ത് സിങ് ചൗധരിയുടെ നേതൃത്വത്തില്‍ ഉന്നത നേതൃത്വം നേരിട്ടെത്തിയിരുന്നു.
അതേ സമയം ഹസീനയുടെ വിമാനം ഇന്ത്യന്‍ അതിര്‍ത്ഥി കടന്നയുടനെ കനത്ത കാവലൊരുക്കി ഇന്ത്യന്‍ സേനാ വിമാനങ്ങള്‍. രണ്ട് സുരക്ഷാ വിമാനങ്ങളുടെ അകമ്പടിയോടെയാണ് ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടെത്തി ഹസീനയുമായി ചര്‍ച്ച നടത്തി.
ഡല്‍ഹിയില്‍ ക്യബിനറ്റ് സുരക്ഷാ യോഗത്തിന് പിന്നാലെ സര്‍വ്വ കക്ഷി യോഗം വിളിച്ചു. പ്രാധാനമന്ത്രിയും മറ്റു മന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍, മല്ലfകാര്‍ജുന്‍ ഖാര്‍കെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച നടത്തി.
ഹസീന ഇന്ത്യ തുടരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യു. കെയില്‍ താമസത്തിന് അനുമതി ലഭിച്ചാല്‍ അവിടേക്ക് തിരിക്കാനാണ് ശ്രമം. ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ നിന്ന് ഹസീനയുടെ വിമാനം പറന്നപ്പോള്‍ ഹസീനയും കൂടെ പോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നോബേല്‍ പുരസ്‌കാര ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പുതിയ ആവശ്യം. ആവശ്യം സൈന്യം അംഗീകരിക്കാന്‍ സാധ്യതയുണ്ട്. വൈകാതെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം നടന്നേക്കും.
ഇന്നലെ പ്രക്ഷോഭകര്‍ ശൈഖ് ഹസീനയുടെ വസതി കൊള്ളയടിച്ചു. പാര്‍ലമെന്‍റിലും പ്രതിഷേധക്കാര്‍ കയറിയിറങ്ങി. പുതിയ സര്‍ക്കാര്‍ വരുന്നതോടെ സമരം ഒത്തു തീര്‍പ്പിലേക്ക് നീങ്ങുമെന്നാണ് സൂചന.