കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ കൗതുകരവും ഭീതിതവുമാണ്. സാധാരണ പൗരന്‍റെ സംരക്ഷണം എത്രമേല്‍ ആശങ്കപ്പെടുത്തുമെന്നതിന്‍റെ ഉദാഹരണങ്ങളായിരുന്നു അവയൊക്കെയും. ചിലത് ഒറ്റുകൊടുപ്പിന്‍റെ കഥയാണെങ്കില്‍ മറ്റു ചിലത് തനി നാടകം എന്ന് തന്നെ പറയേണ്ടി വരും. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ആര് ആരെ ഭയക്കണം എന്ന ചോദ്യത്തിന് മുന്നില്‍ സാധാരണ പൗരന്മാരും നേതാക്കന്മാരും പകച്ചു നില്‍ക്കേണ്ടി വരും. കൂടെ കിടക്കുന്നവനിക്കേ രാപ്പനി അറിയൂ എന്ന് സൗഹൃദ്ദത്തിന്‍റെ ആഴത്തിനെ കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂടെ കിടക്കുന്നവനെ പോലും വിശ്വസിക്കരുത് എന്ന് തീര്‍ത്ത് പറയേണ്ടി വരും.
മെയ് 19ന് നടന്ന ഹെലികോപ്‌റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡണ്ട് ഇബ്‌റാഹീം റയീസിയുടെ മരണമാണ് അടുത്ത കാലത്ത് സംഭവിച്ച സുരക്ഷാ വീഴ്‌ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അസര്‍ബൈജാന്‍ കിഴക്കന്‍ പ്രവിശ്യയിലെ വര്‍സഖാനിലായിരുന്നു അപകടം. മഞ്ഞു കൂടി ദിശയറിയാതെ നിയന്ത്രണം വിട്ട് ഹെലികോപ്‌റ്റര്‍ നിലത്ത് പതിക്കുകയായിരുന്നു. വിദേശ കാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലയടക്കം 8 പേരാണ് അന്ന് ഇറാന്‍റെ ദേശീയ നേതൃത്വത്തിന് നഷ്ടമായത്. യാത്ര ദുഷ്‌കരമായിട്ടും എന്തിനായിരുന്നു ഈ പറക്കല്‍? എല്ലാ സുരക്ഷാ സംവിധാനങ്ങളുള്ള ഹെലികോപ്‌റ്ററുണ്ടായിരിക്കെ എങ്ങനെയായിരിക്കും ഈ അപകടം സംഭവിച്ചിട്ടുണ്ടാവുക? കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ആരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാവും ഈ യാത്ര? ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇപ്പോഴും ബാക്കിയാവുന്നത്. ഇറാനോട് വൈരാഗ്യമുള്ള അമേരിക്കയോ അതോ കഴുക കണ്ണുകളോട് ആ മണ്ണ് തിന്നാനാഗ്രഹിക്കുന്ന ഇസ്‌റഈലോ? അപകടത്തിലെ പങ്ക് ഇസ്‌റാഈല്‍ ആദ്യമേ നിശേദിച്ചിരുന്നു.
ഇതിന് ശേഷം നടന്ന സുരക്ഷാ പാളിച്ചകളില്‍ എടുത്തു പറയേണ്ട പ്രധാനപ്പെട്ടവയാണ് വിന്‍ഡോസിന് സുരക്ഷയൊരുക്കുന്ന ക്രൗഡ്‌സ്രട്രൈക്കിന്‍റെ പരാജയം. സുരക്ഷയൊരുക്കാന്‍ വന്നവര്‍ക്ക് തന്നെ സുരക്ഷ നല്‍കാന്‍ സാധ്യമല്ലെങ്കില്‍ പിന്നെ ഓരോ രാജ്യങ്ങളുടെ ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വിന്‍ഡോസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രമാത്രം സുധാര്യത കല്‍പ്പിക്കാനാവും. 3000ന് മുകളില്‍ വിമാനങ്ങളാണ് അന്ന് പല രാജ്യത്ത് നിന്ന് യാത്ര നിര്‍ത്തിവെച്ചത്. ലക്ഷക്കണക്കിന് നഷ്ടമാണ് സാമ്പത്തീക ലോകം റിപ്പോര്‍ട്ട് ചെയ്‌തത്. എല്ലാവരും കൈ മലര്‍ത്തി കംപ്യൂട്ടറിന് മുന്നിലിരുന്നു. സുരക്ഷയൊരുക്കിയ വമ്പന്മാര്‍ക്ക് പിഴച്ചാല്‍ സാധാരണ കമ്പനികള്‍ നടത്തുന്ന സാധാരണക്കാരുടെ ഡാറ്റകള്‍ക്കൊക്കെ എന്ത് സുരക്ഷിതത്വമാണ് ഇവിടെയുള്ളത്.
അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് സംഭവങ്ങളാണ് സുരക്ഷാ വഴ്‌ച്ചയിലെ പ്രധാന സംഭവങ്ങളില്‍ അടുത്തത്. കോപ്പ അമേരിക്കയുടെ ഫൈനലിനായ് ലോകം കാതോര്‍ത്ത നിമിഷം. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ച 5.30 ന് നടക്കേണ്ടിയിരുന്ന മത്സരം യഥാസമയത്ത് തുടങ്ങാന്‍ സാധിച്ചില്ല. ഒരു മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. ടിക്കറ്റെടുക്കാത്തവരും സ്റ്റേഡിയത്തിനകത്തേക്ക് ഇരച്ചു കയറി. കാണികളെ നിയന്ത്രിക്കാന്‍ ഫ്ളോറിയഡയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തിരി വിയര്‍ത്തു. ലോകത്ത് അറിയപ്പെട്ട ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരത്തിന് ഇത്തരത്തിലാണോ സുരക്ഷയൊരുക്കുക. ഇത്രയും സാങ്കേതിക സംവിധാനങ്ങള്‍ നിലവിലുള്ള രാജ്യത്ത് ഈ പ്രവേശനത്തിന് പോലും ഇതു പോലെ നാണം കെടേണ്ടി വന്നതിന്‍റെ പൊരുളാണ് തിരിയാത്തത്. കഴിഞ്ഞ വേള്‍ഡ് കപ്പില്‍ സുരക്ഷയൊരുക്കി ഖത്തര്‍ കാണിച്ചു കൊടുത്ത സുരക്ഷാ കരുതല്‍ ഇവിടെയൊന്നും കണ്ടില്ല. ഇത്തരം ഗ്രൗണ്ടുകളില്‍ എന്ത് സുരക്ഷയിലായിരിക്കും താരങ്ങള്‍ കളിക്കാനിറങ്ങുക.
സുരക്ഷാ പാളിച്ചകളുടെ തുടര്‍ക്കഥയായിരുന്നു അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പെന്‍സില്‍വാനിയയില്‍ പ്രസംഗിക്കുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റത്. ചെവിയുടെ ഭാഗത്ത് മാത്രം വെടി പതിഞ്ഞ് താത്‌കാലികമായി അയാള്‍ രക്ഷപ്പെട്ടു. ചുറ്റുവട്ടത്തും നിറയെ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരിക്കെ ഇത്തരമൊരു സുരക്ഷാ പാളിച്ച അതിഭീകരമാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ അയാളെ വെടിവെച്ചു വീഴ്‌ത്തി. ഒരു രാജ്യത്തിന്‍റെ മുന്‍പ്രസിഡണ്ടും കൂടിയാണ് ഇയാള്‍. രാജ്യത്തിന്‍റെ പ്രസിഡണ്ടിന്‍റെ സുരക്ഷ ഇതാണെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥ ഇവിടെയും ചോദ്യം ചെയ്യപ്പെടും. പിന്നെയും ചോദ്യങ്ങള്‍ ഉയര്‍ന്ന് പൊങ്ങും അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് നടക്കേണ്ട അമേരിക്കയില്‍ 30ന് മുകളില്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന കളിക്കാരും കാണികളും എന്ത് ധൈര്യത്തിലാവും എത്തുക. ലോക സുരക്ഷയില്‍ ഒന്നാം സ്ഥാനമെന്ന് വീമ്പിളക്കുന്ന ഒരു രാജ്യത്തിന്‍റെ അവസ്ഥയാണിത്.
ഒളിംപിക്‌സ് നടക്കുന്ന പാരിസില്‍ നിന്നാണ് അടുത്ത് കേട്ട സുരക്ഷാ പാളിച്ചകളില്‍ മറ്റൊന്ന്. ഒളിംപിക് ചരിത്രത്തില്‍ തന്നെ ഏറെ നാടകീയമായ ഒരു ഫുട്‌ബോള്‍ മത്സരം ഇവിടെ അരങ്ങേറി. മത്സരത്തിന്‍റെ മുഴുസമയം കഴിഞ്ഞ് 15 മിനുറ്റ് അധികം സമയം അനുവദിച്ചു സമനിലയിലായ മത്സരം ഒരു മണിക്കൂറിന് ശേഷം അവസാന ഗോള്‍ ഓഫാണെന്നും തുടര്‍ന്ന് മൂന്ന് മിനുറ്റ് വീണ്ടും കളി തുടരണമെന്നും കമ്മിറ്റി അറിയിച്ചു. അര്‍ജന്‍റീനയും മൊറോക്കയും നടന്ന മത്സരത്തില്‍ 2-1ന് മൊറോക്ക ജയിക്കുയായിരുന്നു. അവസാനം മൂന്ന് മിനുറ്റ് മത്സരം നടന്നത് ഗാലറിയില്‍ ആളില്ലാതെയായിരുന്നു. കാണികളെ മുഴുവനും പുറത്താക്കിയായിരുന്നു മത്സരം. കാരണം സുരക്ഷാ ഭീഷണിയാണ്. താരങ്ങള്‍ക്ക് ഗാലറിയില്‍ നിന്ന് പലതും നേരിടേണ്ടി വന്നു. ഇതേ പാരിസില്‍ കഴിഞ്ഞയാഴ്‌ച്ച ഒളിംപിക്‌സിനായ് എത്തിയ താരത്തിന്‍റെ പേഴ്‌സ് പോലും കളവ് പോയത്. വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദേശികള്‍ക്കുള്ള സുരക്ഷയുടെ അവസ്ഥയാണ് കേളികേട്ട പാരിസില്‍ ഈ നടന്നതൊക്കെയും.
ഇതില്‍ അവസാനം പറയേണ്ടി വരുന്നത് ഹമാസ് തലവന്‍ ഇസ്‌മായീല്‍ മുഹമ്മ് ഹനിയ്യയുടെ കൊലപാതകമാണ്. ലോക ആണവ ശക്തികളില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യം, അമേരിക്കയ്‌ക്ക് പോലും ഭയപ്പാടുളള നാട്, യു. എന്‍. ഒയെ പോലും പുല്ലു വില കല്‍പ്പിച്ച പല പ്രാവശ്യവും ആണവ പരീക്ഷണം നടത്തിയ മണ്ണിലാണ് ഇന്നലെ ഒരു സംഘടനയുടെ തലവന്‍ കൊലചെയ്യപ്പെട്ടത്. പ്രധാനപ്പെട്ട വിദേശ അതിഥികള്‍ വന്നാല്‍ താമസിപ്പിക്കുന്ന ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഇസ്‌മായീല്‍ ഹനിയ കൊല്ലപ്പെടുന്നത്. വീടിനകത്ത് ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്‌റാഈലോ മൊസാദോ ഈ കൊലാതകം ഇതുവരെ ഏറ്റെടത്തിട്ടില്ലെന്നതാണ് ഇതിന്‍റെ മറ്റൊരു വശം. ഇത്രയും സുരക്ഷയൊരുക്കുന്ന രാജ്യത്ത് ഒരു അതിഥിയുടെ അവസ്ഥയാണിത്. ഒരു പക്ഷേ ഇതൊരു ഒറ്റുകഥയാവാം, ഇത്രയും വലിയ സുരക്ഷാ പാളിച്ച സംഭവിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ കുറവാണ്. ഇസ്‌റാഈലിനോ മൊസാദിനോ കയറി വരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടാവാം, അദ്ദേഹം താമസിക്കുന്ന ഗസ്‌റ്റ് ഹൗസിനെ കുറിച്ച് ഇത്രമാത്രം കൃത്യമായ വിവരങ്ങള്‍ എങ്ങനെ അറിഞ്ഞു. പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ബാക്കി നില്‍ക്കുന്നുണ്ട്.
ഇതാണ് പുതിയ ലോകം, കൂടെ നിഴല്‍ പോലെ നടക്കുന്നവനെ പോലും ഭയക്കണം, കണ്ണടച്ച് വിശ്വസിക്കുന്ന രീതിയും മാറണം. സുരക്ഷാ വീമ്പിളക്കുമ്പോഴും എല്ലാത്തിനും പരിധിയും പരിമിതിയുമുണ്ടെന്ന് ഈ ലോകം പറഞ്ഞ് തരുന്നു. ചിലത് നാടകമാവാം മറ്റു ചിലത് ഒറ്റു കഥയാവാം പക്ഷേ ഇവിടെ സാധാരണക്കാരന്‍റെ സുരക്ഷ അതൊരു ചോദ്യമേ അല്ല കാരണം ഭരണാധികാരികളും നേതാക്കളും അക്രമിക്കപ്പെടുന്ന ലോകത്ത് സുരക്ഷയില്ലാത്ത സാധാരണക്കാരന് എന്ത് സംരക്ഷണം. ആര് ആരെ ഭയക്കണമെന്ന ചോദ്യത്തിന് ഉത്തരമില്ല, നാം തന്നെ കണ്ടെത്തണം.