ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലാണ് ഫാല്‍ക്കേ പുരസ്‌കാര സമര്‍പ്പണം നടന്നത്
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഇന്ത്യന്‍ പ്രസിഡണ്ട് ദ്രൗപതി മുര്‍മുവില്‍ നിന്ന് മോഹന്‍ലാല്‍ നേരിട്ട് ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച സംഭാവനയ്ക്കാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ മലയാളി നടനും കൂടിയാണ് മോഹന്‍ലാല്‍. 2004ലായിരുന്നു അടൂല്‍ ഗോപലകൃഷ്ണന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് അഞ്ച് ദേശീയ അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഊര്‍വ്വശിയും സ്വന്തമാക്കി. ഡോക്യമെന്‍ററിക്കുള്ള പ്രത്യേക പരാമര്‍ശ പുരസ്‌കാരത്തിന് എം കെ രാമദാസും അര്‍ഹനായി. ജൂഡ് ആന്‍റണി ജോസഫ് ചിത്രം 2018ലെ പ്രവര്‍ത്തനത്തിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും സ്വന്തമാക്കി.
ഉള്ളൊഴുക്കായിരുന്നു മികച്ച മലയാള സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ഏറ്റുവാങ്ങി. റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
മറുപടി പ്രസംഗത്തില്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിച്ചവര്‍ക്കും മോഹന്‍ലാല്‍ കൃതജ്ഞത അറിയിച്ചു. ‘ഈ നിമിഷം എന്‍റേതു മാത്രമല്ല ഇത് എല്ലാ മലയാള സിനിമയ്ക്കും കൂടി അവകാശപ്പെട്ടതാണ്, ഈ പുരസ്‌കാരം എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു, ആത്മ വിശ്വാസത്തോടെ ഇനിയും സിനിമയോടൊപ്പമുള്ള യാത്ര തുടരും കാരണം സിനിമ എന്‍റെ ആത്മ സ്പന്ദനമാണ് എന്നും അദ്ദേഹം തന്‍റെ നന്ദി പ്രഭാഷണത്തില്‍ പറഞ്ഞു.