ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാലങ്ങളായി നേരിടുന്ന വായു മലിനീകരണ പ്രതിസന്ധി വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുന്നു. തലസ്ഥാന നഗരിയിലെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വായുമലിനീകരണം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കടുത്ത നിയന്ത്രണത്തിലേക്ക് രാജ്യ തലസ്ഥാനം നീങ്ങിയേക്കും. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ക്വാളിറ്റി മാനേജ്‌മെന്‍റ് കമ്മീഷന്‍റെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ലെവല്‍ 3യുടെ ഭാഗമായാണ് നിയന്ത്രണം.
ഇതിന് പുറമെ പൊതുജനങ്ങള്‍ക്കും കനത്ത നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്. അനാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങരുത്, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെ ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികള്‍ നിര്‍ത്തിവെക്കണം, വീടിന്‍റെ അകത്ത് പുകയ്ക്കല്‍ ഒഴിവാക്കണം, മാലിന്യം പുറത്ത് കത്തിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രാഥമികമായി പുറപ്പെടീച്ചിട്ടുള്ളത്. ഗ്രീന്‍ ഡല്‍ഹി ആപ്പ് വഴി നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ഉത്തരവിട്ടു.
വായുഗുണനിലവാര സൂചിക 201നും 300നും ഇടയിലാകുമ്പോഴാണ് ജിആര്‍പി 1 നിയന്ത്രണങ്ങള്‍ നിലവില്‍ വരുകയുള്ളത്, 301നും 400 ഇടയിലാകുമ്പോള്‍ ജിആര്‍ പി രണ്ട് നിയന്ത്രണങ്ങളാവും, 401 നും 450നും ഇടയില്‍ മൂന്നും 451ന് മുകളില്‍ ജിആര്‍പി 4 നിയന്ത്രണങ്ങളുമേര്‍പ്പെടുത്തും. നിലവില്‍ ഡല്‍ഹിയില്‍ ജിആര്‍പി 3 പ്രകാരമുള്ള മലിനീകരണ നിയന്ത്രണ നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.
അടുത്ത 24 മണിക്കൂര്‍ രാജ്യ തലസ്ഥാനം കനത്ത നിരീക്ഷണത്തിലായിരിക്കുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു.