ഡല്‍ഹി: തുടരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഇരയായി പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് കീഴില്‍ നടന്ന പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിലായിരുന്നു സംഭവം. അദ്ദേഹം സദസ്സിനോട് സംസാരിക്കുന്നതിനിടെയാണ് പിന്നില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം നിറച്ച ബക്കറ്റെറിഞ്ഞത്. ബക്കറ്റ് അദ്ദേഹത്തിന്‍റെ മേല്‍ പതിച്ചില്ലെങ്കിലും വെള്ളം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ തെറിക്കുകയായിരുന്നു.
ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സംഘടന ഐസ (isa) സംഘടിപ്പിച്ച ലിറ്ററേച്ചര്‍ പരിപാടിയിലാണ് അദ്ദേഹം പ്രസംഗിച്ചിരുന്നത്. പിന്നില്‍ നിന്നും ആക്രമിച്ചത് എബിവിപിയാണെന്നാണ് ഐസ ആരോപിക്കുന്നത്. ഇതിന് മുമ്പും ഇവരുടെ ആക്രമണമുണ്ടായിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബക്കറ്റിന് പുറമെ ചവറ്റുകൂട്ടയും എറിഞ്ഞിരുന്നു.
പക്ഷേ പരിപാടി നിര്‍ത്താതെ അദ്ദേഹം തന്‍റെ പ്രസംഗം തുടര്‍ന്ന് കൊണ്ടിരുന്നു. രാജ്യത്ത് തുടരുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഈ പ്രവര്‍ത്തനമെന്നും ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരോപിച്ചിട്ടുണ്ട്.