അന്‍റാലിയ: ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറാന്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്‍റിനോ. ലോകകപ്പ് കളിക്കാന്‍ ഇറാന്‍ ഉണ്ടാവുമെന്നും കളിക്കളത്തില്‍ അവര്‍ ബൂട്ടണിയുമെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയില്‍ ഇറാന്‍-കോസ്‌റ്റോറിക്ക സൗഹൃദ്ദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തീരുമാനം വ്യക്തമാക്കിയത്.
‘അവര്‍ കളിച്ചാണ് ഈ യോഗ്യത നേടിയത്. ഇതില്‍ പ്ലാന്‍ എയോ ബിയോ ഒന്നുമില്ല. ഒരൊറ്റ നിലപാട് മാത്രം. അവര്‍ അവരുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യവുമുണ്ട്. അത് കൊണ്ട് ഏറ്റവും സുരക്ഷിതാമായ സാഹചര്യത്തില്‍ അവര്‍ കളിയില്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ പരിഗണിച്ച് ആദ്യം ഇറാന്‍റെ മുഴുവന്‍ മത്സരങ്ങളും മെക്‌സിക്കോയില്‍ നടത്താമെന്ന് തീരുമാനമുണ്ടായിരുന്നു. സ്വീകരിക്കാന്‍ തയ്യാറാണെന്ന് മെക്ക്‌സിക്കന്‍ പ്രസിഡണ്ട് ക്ലോഡിയ ഷെയിന്‍ബോം അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ അവസാഘട്ട ചര്‍ച്ചയില്‍ വേദി മാറ്റുന്ന സാഹചര്യമില്ലെന്നും തെരെഞ്ഞെടുക്കപ്പെട്ട വേദിയില്‍ തന്നെ മത്സരങ്ങള്‍ നടക്കുമെന്നും ഫിഫ പ്രസിഡണ്ട് അറിയിച്ചു.
ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെയാണ് ഫിഫ 2026 ലോകകപ്പ് നടക്കുന്നത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് വേദിയാവുന്നത്. ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലാന്‍ഡ് അടങ്ങുന്ന ഗ്രൂപ്പ് ജിയിലാണ് ഇറാനുള്ളത്.