ഗസ്സ: കൊടും പട്ടിണി കാരണം മരണ സംഖ്യയുയര്ന്ന ഗസ്സയില്‍ നിന്നും ഇന്ന് താത്കാലിക ആശ്വാസത്തിന്റെ വാര്‍ത്ത വന്നു. ഐക്യരാഷ്ട്രിസഭയുടെയും ലോക രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ന് 10 മണിക്കൂര്‍ സഹായ വിതരണത്തിന് ഇസ്രയേല്‍ അനുമതി നല്കി. രാവിലെ പത്ത് മണി മുതല്‍ രാത്രി 8 മണിവരെ ഗസ്സയിലെ പ്രധാന നഗരങ്ങളായ അല്‍ മവാസി, ദൈറുല്‍ ബലാഹ്, ഗസ്സ സിറ്റി എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തലിനും സഹായ വിതണത്തിനും അനുമതി നല്‍കിയിരിക്കുന്നത്.
പ്രഖ്യാപനത്തിന്റെ ഉടന്‍ തന്നെ ഭക്ഷണപ്പൊതിയുമായി ജോര്‍ദ്ദാന്റെയും യുഎഇയുടെയും സഹായ വിതരണം വ്യോമായന വഴി ആരംഭിച്ച് കഴിഞ്ഞു. വൈകാതെ റഫ അതിര്‍ത്തിയിലൂടെ ട്രക്കുകളും അകത്തേക്ക് കടന്നേക്കും. മാനുഷീക സഹായ വിതരണത്തിന് യുഎഇ പൂര്‍ണ്ണ സജ്ജമാണെന്നും ശക്തമായി തന്നെ സഹായ വിതരണം തുടരുമെന്നും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അറിയിച്ചു
ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇസ്രയേലും ആകാശമാര്‍ഗ്ഗം ഭക്ഷ്യ വിതരണത്തിന് തയ്യാറായിരുന്നു. ഇന്നും അഞ്ച് പട്ടിണി മരണങ്ങള് ഗസ്സയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിനം പ്രതി ഗസ്സയില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നോവായി മാറിയതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പടെ ലോക രാജ്യങ്ങള്‍ ഇസ്രയേലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവുമുള്ള ഭക്ഷ്യ വിതരണത്തിനെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടല്‍ മാര്‍ഗ്ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായത്തിന് പുറപ്പെട്ട ഹന്ദല ഫ്രീഡം ഫ്ളോട്ടില്ല ബോട്ട് ഇസ്രയേല്‍ പിടിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന ആകടിവിസ്റ്റുകളെ ബന്ധികളാക്കുകയും ചെയ്തിരുന്നു.