ദുബായ്: ദുബായ് പോലീസിന്‍റെ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലും കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് കേണല്‍ സമീറ അബ്ദുല്ല അല്‍ അലിയുടെ പുതിയ നേട്ടം. ചരിത്രത്തിലാദ്യമായി ബ്രിഗേഡിയര്‍ പദവിയിലേക്ക് ഒരു സ്ത്രീ സാന്നിധ്യം വന്നിരിക്കുന്നു. കേണല്‍ സമീറ അബ്ദുല്ല അല്‍ അലി ഇനി മുതല്‍ ബ്രിഗേഡിയറായി രാജ്യസേവനം ചെയ്യും.
1956ല്‍ തുടങ്ങിയ ഈ പദവിയിലേക്ക് 70 വര്‍ഷത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ ഈ നേട്ടം കൈവരിക്കുന്നത്. സമീറയുടെ 31 വര്‍ഷത്തെ നീണ്ട സേവനത്തിന് ദുബായ് പോലീസ് നല്‍കിയ ആദരം കൂടിയാണിത്.
1994ലാണ് സമീറ അബ്ദുല് അല്‍ അലി പോലീസില്‍ ചേര്‍ന്നത്. ഒരു പത്ര പരസ്യമായിരുന്നു അവരെ ദുബായ് പോലീസിലേക്ക കൊണ്ടെത്തിച്ചത്. നിലവില്‍ അവര്‍ സേനയിലെ ഇന്‍ഷുറന്‍സ് വകുപ്പിന്‍റെ മേധാവിയായിരുന്നു. ഈ നേട്ടത്തിന് പുറമെ സമീറ മുമ്പും ഇത്തരം നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂവിലും ജോലി ചെയ്ത ആദ്യ വനിത ഓഫീസറും കൂടിയാണ് സമീറ.
അപകടങ്ങള്‍ കുറയ്ക്കുന്നതിന് അവരുണ്ടാക്കിയ സാന്‍ഡ് (SAND) പ്രൊജക്ട് ടീമിനുള്ള കമാന്‍ഡര്‍ ഇന്‍ ചീഫ് എക്‌സലന്‍സ് അവാര്‍ഡ്, സേഫ് ഡ്രൈവിംഗ് സ്റ്റാര്‍സ് സംരംഭത്തിന് നേതൃത്വം നല്‍കിയതിന് ഈവന്‍-സ്റ്റാര്‍ അവാര്‍ഡ് തുടങ്ങിയ പദവികളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
‘ഇത് അഭിമാനകരമായ കാര്യമാണെന്നും സ്ത്രീകള്‍ക്ക് ഇത്തരം ജോലികളില്‍ പ്രചോദനമുണ്ടാവുമെന്നും ദുബായ് പോലീസ് സ്ത്രീകളോട് കാട്ടുന്ന പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണ് ഈ നേട്ടമെന്നും ബ്രിഗേഡിയര്‍ സമീറ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് ദുബായ് നല്‍കുന്ന ഈ പരിഗണനയ്ക്ക് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന് നന്ദിയും പറഞ്ഞു.