മുല്ലന്‍പൂര്‍: ചണ്ഡിഗഡിലെ മുല്ലന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ പുരുഷ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു റെക്കോര്‍ഡ് സ്വന്തമായി. അത് നാണക്കേടിന്‍റെ റെക്കോര്‍ഡെന്ന് മാത്രം, ഇന്ത്യ ദക്ഷിണാഫ്രിക്ക് രണ്ടാം ട്വിന്‍റി മത്സരത്തില്‍ പതിനൊന്നാം ഓവര്‍ എറിഞ്ഞ അര്‍ഷദീപായിരുന്നു റെക്കോര്‍ഡ് നേട്ടക്കാരന്‍. ആ ഓവര്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത് 13 പന്തുകളായിരുന്നു. ഇതില്‍ ഏഴ് വൈഡ് ബോളുകള്‍. ഇതോടെ അന്താരാഷ്ട്ര ട്വിന്‍റിയിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ റെക്കോര്‍ഡ് ഇനി അര്‍ഷദീപ് അഫ്ഗാനിസ്ഥാന്‍റെ നവീനുല്‍ ഹഖുമായി പങ്കിടും. 6,wd,wd,0,wd,wd,wd,wd.1,2,1,wd,1 എന്നിങ്ങനെയായിരുന്നു അര്‍ഷദീപിന്‍റെ ഈ ഓവര്‍.12 പന്തുകളെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരം സിസന്‍ഡ മഗലയാണ് ഈ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്ത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വിന്‍റിയില്‍ ഇന്ത്യ 51 റണ്‍സിനാണ് പരാജയപ്പെട്ടത്. ടോസ് ലഭിച്ചിട്ടും ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച നിലപാട് ശരിയല്ലെന്നതായിരുന്നു ഓപ്പണറായി ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര കളിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയണിഞ്ഞ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ മാരകമായ അടിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പതറുകയായിരുന്നു. ആദ്യ കളിയില്‍ 74 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയ അതേ ടീം തന്നെയായിരുന്നു ഇതെന്നതും അത്ഭുതപ്പെടുത്തിയിരുന്നു. 46 പന്തില്‍ ഏഴ് സിക്‌സറുകളും 5 ബൗണ്ടറികളുമുള്‍പ്പടെ 90 റണ്‍സെടുത്ത ഡീകോക്കിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ ഉഗ്രമായ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വന്ന ഫെറേറയുടെ (16 പന്തില്‍ 30 റണ്‍സ്) വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മറ്റാര്‍ക്കും വിക്കറ്റ് പോലും നേടാനായില്ല
മറപുടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക ടെസ്റ്റ് ക്യാപ്റ്റന്‍റെ ഗോള്‍ഡന്‍ ഡെക്കോടെയായിരുന്നു തുടക്കം. ഓപ്പണര്‍മാര്‍ പരാജയപ്പെട്ട ഇന്ത്യയുടെ തുടര്‍ ബാറ്റ്‌സമന്മാരും അതേ വഴി തന്നെയായിരുന്നു. അഭിഷേക് ഷര്‍മ്മ (8 പന്തില്‍ 17), ശുഭ്മാന്‍ ഗില്‍ (ഒരു പന്തില്‍ 0), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ അഞ്ച്) എന്നിവരായിരുന്നു ആദ്യം പുറത്തായത്. പിന്നീട് വന്ന അക്‌സറും തിലകുമായിരുന്നു ഇന്ത്യയെ ഭേദപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. ഭംഗിയുള്ള ഇന്നിങ്‌സ് കാഴ്ച്ചവെച്ച് ഒറ്റയാന്‍ പ്രകടനം നടത്തിയായിരുന്നു തിലക് ക്രീസ് വിട്ടത്. 34 പന്തില്‍ അഞ്ച് സിക്‌സറുകളും 2 ബൗണ്ടറികളുമുള്‍പ്പടെ 62 റണ്‍സാണ് തിലക് അടിച്ചു കൂട്ടിയത്. 17 പന്തില് 27 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയല്ലാതെ വേറയാരും ഇന്ത്യയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചില്ല
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാര്‍ട്ട്മാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജാന്‍സനും, എന്‍ഗിഡിയും. സിപാമ്ലയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ക്വിന്‍റണ്‍ ഡി കോക്കാണ് കളിയിലെ താരം. ഇതോട പരമ്പരയില്‍ ഓരോ ജയത്തോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമെത്തി. അടുത്ത മത്സരം ഞായറാഴ്ച്ച ധറംശാലയില്‍ നടക്കും