ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ തെരുവില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. ഡിസംബര്‍ 28ന് വിലക്കയറ്റത്തിനെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തെ ഇന്‍റർനെറ്റ് വിച്ചേദിക്കപ്പെട്ടതോടെ കുടുതല്‍ വ്യക്തമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ടെഹ്‌റാനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം ആദ്യം ചില നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു. തുടര്‍ന്ന് രാജ്യത്തിന്‍റെ 31 പ്രവിശ്യകളില്‍ വ്യാപിക്കുകയായിരുന്നു.
പ്രക്ഷോഭം ശക്തമായതോടെ പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടുകളെടുത്തു. 2500ന് മുകളില്‍ പേരെ കരുതല്‍ തടങ്കലാക്കി. 60ന് മുകളില്‍ പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ പ്രക്ഷോഭത്തിനിടെ സ്ത്രീകളും അവരുടെ പഴയ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ തുടങ്ങി. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രം പരസ്യമായി കത്തിക്കുന്ന വീഡിയോകള്‍ പോലും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. രാജ്യത്ത് സ്ത്രീകള്‍ പുകവലിക്കുന്നതും പരമോന്നത നേതാവിന്‍റെ ചിത്രം കത്തിക്കുന്നതും ഗുരുതരമായ കുറ്റമാണ്. അത് കൊണ്ട് ഈ പ്രതിഷേധത്തിലൂടെ രാജ്യത്തെ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഞങ്ങള്‍ക്കുള്ളതെന്ന് അവര്‍ പറയുന്നു. 2022ലാണ് ഡ്രസ് കോഡ് ലംഘിച്ചുവെന്ന ആരോപണത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന മഹ്‌സ അമിനി മരണപ്പെട്ടത്. അതിന്‍റെ തുടര്‍ച്ചയായിരുന്നു സ്ത്രീ പ്രക്ഷോഭം.
അതിനിടെ സ്വന്തം രാജ്യത്തെ രക്ഷിക്കണമെന്നും പൗരന്മാര്‍ക്ക് സംരക്ഷണമൊരുക്കണമെന്നും പറഞ്ഞ് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവി രംഗത്ത് വന്നു. സമൂഹ മാധ്യമ പോസ്റ്റിലാണ് അദ്ദേഹം അമേരിക്കന്‍ പ്രസിഡണ്ടിനോട് രാജ്യത്തെ രക്ഷിക്കാനുള്ള ആവശ്യം ഉന്നയിച്ചത്. 1979ലെ വിപ്ലവത്തില്‍ അധികാരം നഷ്ടപ്പെട്ട ഭരണാധികാരിയായിരുന്ന മുഹമ്മദ് റിസാ പഹ്ലവിയുടെ മകനാണ് റിസാ പഹ്ലവി. അന്നത്തെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവില്‍ അദ്ദേഹം അമേരിക്കയിലാണ് താമിസിക്കുന്നത്. 1979ലെ പ്രക്ഷോഭത്തിന് ശേഷം വലിയൊരു പ്രതിഷേധമാണ് നിലവില്‍ നടക്കുന്നത്. അതോടൊപ്പം പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ഇറാന് ഗുരുതരമായ പ്രത്യാഗാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക അറിയിച്ചു.
അതേ സമയം ട്രംപ് സ്വന്തം രാജ്യത്തെ നോക്കിയാല്‍ മതിയെന്നും ഇറാനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മറുപടിയായി പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാർ കനത്ത ജാഗ്രതയിലായിരിക്കണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു.