കൊച്ചി: കലാഭവന്‍ നവാസിന്‍റെ മരണ വാര്‍ത്ത് കേട്ട് മലയാള സിനിമാ-മിമിക്രി ലോകം ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. എന്ത് സംഭവിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസമാണ്. മരണവാര്‍ത്തയറിഞ്ഞ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സിനിമ- മിമിക്രി മേഖലയിലെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങളൊക്കെ അന്വേഷണത്തിന് ശേഷമേ പുറത്തു വരുകയുള്ളു
പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു നവാസും കൂട്ടുകാരുമൊക്കെ ചോറ്റാനിക്കരയിലേക്കെത്തിയത്. കഴിഞ്ഞ 25 ദിവസമായി ഈ ഹോട്ടലില്‍ തന്നെയായിരുന്നു നവാസിന്‍റെ താമസം. ഇന്ന് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും റൂമൊഴിഞ്ഞ് തിരിച്ചപ്പോഴാണ് സംഭവം. നവാസിന്‍റെ മുറിയുടെ ചാവി മാത്രം കിട്ടാത്തതിനാല്‍ റൂം ബോയ് പോയ് നോക്കിയപ്പോഴായിരുന്നു വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. അകത്ത് ചെന്നപ്പോള്‍ കുഴഞ്ഞ് വീണ രൂപത്തില്‍ കിടന്നിരുന്ന നവാസിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വഴിയിലുടനീളം നവാസിന് ജീവനുണ്ടായിരുന്നു എന്നാണ് ലഭ്യമാവുന്ന വിവരം.
മരണ വിവരമറിഞ്ഞ് അന്‍വര്‍ സാദത്ത് എം എല്‍ എ, രമേഷ് പിഷാരടി, ദിലീപ്, കോട്ടയം നസീർ, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയിലെത്തി. പൊതുദര്‍ശനത്തിനെ കുറിച്ചും മറവ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊക്കെ നാളെ ലഭ്യമാവുകയുള്ളു.
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പല ടെലിവിഷന്‍ ഷോകളിലും സിനിമകളിലും വ്യത്യസ്ഥ വേഷങ്ങള്‍ ചെയ്തു ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, കസബ, മൈഡിയര്‍ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവ പ്രധാന സിനിമകളാണ്. വിദേശത്തും നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പവും അല്ലാതെയും പല സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.
പിതാവ് അബൂബക്കര്‍ പഴയ കാല നാടക ചലച്ചിത്ര നടനാണ്. അറിയപ്പെടുന്ന ടെലിവിഷന്‍ ചലച്ചിത്ര താരമാണ് സഹോദരന്‍ നിയാസ് ബക്കര്‍. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നഹറിന്‍, റിദ്‌വാന്‍, റിഹാന്‍ എന്നിവര്‍ മക്കളാണ്.