പട്‌ന: ബീഹാറിലെ ആദ്യ ഘട്ട ഇലക്ഷന് തൊട്ട് മുമ്പ് ഹരിയാനയില്‍ നിന്നും ബീഹാറിലേക്ക് പോയ നാല് സെപ്ഷ്യല്‍ ട്രയിനുകള്‍ എന്ത് ഉദ്ദേശ്യത്തിനാണ് സര്‍വ്വീസ് നടത്തിയത്. അതില്‍ 6000 യാത്രക്കാരെയും കൊണ്ട് ബീഹാറിലേക്ക് പോയതിന്‍റെ ലക്ഷ്യമെന്താണ്? റെയില്‍വേ മന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ. സര്‍ക്കാരിനെതിരെയും റെയില്‍വേക്കെതിരേയും ശക്തമായ ചോദ്യശരങ്ങളുന്നയിച്ചിരിക്കുകയാണ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപില്‍ സിബല്‍.
ഇതിന് പിന്നില്‍ ശക്തമായ ഗൂഡാലോചനയുണ്ടെന്നും ഛഠ് പൂജ പോലുള്ള ഉത്സ സീസണുകളില്‍ പോലും ഇത്തരം പ്രത്യേക ട്രയിനുകള്‍ ഓടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വിളിച്ച് പത്ര സമ്മേളനത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് അദ്ദേഹം റെയില്‍വേക്കെതിരെ ചോദ്യമുന്നയിച്ചത്.
അതേ സമയം അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടിയുമായി റെയില്‍വേ രംഗത്തെത്തി. ‘ഉത്സവ സീസണുകളില്‍ തിരക്കുണ്ടായാല്‍ അധിക ട്രയിനുകള്‍ അനുവദിക്കുന്നത് സര്‍വ്വ സാധാരണമാണ്. ബീഹാറിലും ഇത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഇതില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു
ബീഹാര്‍ ഇലക്ഷന് മുമ്പ് കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വോട്ട് കൊള്ള അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ വർഷവും ബീഹാര്‍ ഇലക്ഷനില്‍ വോട്ട് കൊള്ളയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. കപില്‍ സിബലിന്‍റെ ചോദ്യങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.