കാസറഗോഡ് ചെമ്പരിക്കയിലെ ഇസ്ഹാഖ് ഇര്‍ശാദി ഹുദവിയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
തുര്‍ക്കിയേ: തുര്‍ക്കിയിലെ പ്രസിദ്ധമായ സക്കറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും തുര്‍ക്കി ഭാഷയില്‍ ഡോക്ടറേറ്റ് നേടി കാസറഗോഡ് സ്വദേശി അഹ്മദ് ഇസ്ഹാഖ് ഇര്‍ശാദി ഹുദവി. ഇസ്ലാമിക് ആന്‍ഡ് ആര്‍ട്സ് ഡിപ്പാര്‍ട്മെന്റില്‍ ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വ്യാപനം എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. തുര്‍ക്കിഷ് ഭാഷയിലായിരന്നു പ്രബന്ധം തയ്യാര്‍ ചെയ്തതും അവതരിപ്പിച്ചതും.
ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ ചാര്‍ജ് പ്രഫസര്‍ ഡോ. സാഹിം ഇല്മാസിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. കാസര്‍ഗോഡ് ജില്ലയിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിലായിരുന്നു പ്രാഥമിക പഠനം. ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്നുംഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.
പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഇസ്ഹാഖ് ഓള് ഇന്ത്യ പി. എച്ച്. ഡി. പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ തന്നെ പി. എച്ച്. ഡിക്ക് അഡ്മിഷന് നേടിയിരുന്നു. അതിനിടയിലായിരുന്നു മുഴുവന്‍ സ്കോളര്‍ഷിപ്പോടെ സക്കറിയ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് ലഭിച്ചത്.
കാസര്‍ഗോഡ് ചെമ്പരിക്കയിലെ സാഹിബ് ഇബ്റാഹിമിന്റേയും ഖൈറുന്നീസയുടെയും മകനാണ് ഇസ്ഹാഖ് ഹുദവി. കാസര്‍ഗോഡ് കുണിയയിലെ പ്രസിദ്ധ വ്യാപാരി ഇബ്റാഹിം ഹാജിയുടെയും നസീമയുടെയും മകള്‍ ഉമൈറയാണ് ഭാര്യ.