തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യ നിദ്ര
സര്‍വ്വമത ആചാരങ്ങളോടെ മറവ് ചെയ്‌തു
വയനാട്: അറിയാത്തവരായി പിറന്ന മണ്ണില്‍ നാടിന്‍റെ കണ്ണീരോടെ അവര്‍ മടങ്ങി. ചൂരല്‍മലയിലും മുണ്ടക്കൈയിലും ദുരന്തത്തില്‍ കിട്ടിയ ഭൗതീക ശരീരങ്ങളില്‍ തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യ നിദ്ര. അവരെ സര്‍വ്വമത ആചാരങ്ങളോടെ മറവ് ചെയ്‌തു. മരിച്ച 369 പേരില്‍ 195 ഓളം മൃതദേഹങ്ങളാണ് ലഭിച്ചത്. അവയില്‍ തിരിച്ചറിയാതെ പോയ 67 ഭൗതീക ശരീരങ്ങളില്‍ 8 മൃതദേഹങ്ങളാണ് ഇന്ന് മറവ് ചെയ്‌തത്. ചില ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയായിരുന്നു അവയൊക്കെയും. എല്ലാവരേയും എല്ലാ മതത്തിന്‍റേയും ആചാരെേത്താടെ മറവ് ചെയ്‌തു. അവകാശികള്‍ വരാത്ത മൃതദേഹങ്ങളും ഇതേ രീതിയിലായിരിക്കും മറവ് ചെയ്യുക.
ചൂരല്‍ മല സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കളത്തില്‍, മേപ്പാടി മാരിയമ്മന്‍ കോവില്‍ കര്‍മി കുട്ടന്‍, മേപ്പാടി ജുമാ മസ്‌ജിദ് ഖത്വീബ് മുസ്‌തഫല്‍ ഫൈസി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ ഒ. ആര്‍. കേളു, കെ രാജന്‍, എ. കെ. ശശീന്ദ്രന്‍, എം. ബി. രാജേഷ്, ടി. സിദ്ദീഖ് എം. എല്‍. എ, ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഒരിക്കല്‍ കൂടി ബന്ധുക്കളുണ്ടോയെന്നും കുടുംബാംഗങ്ങളെ അന്വേഷിക്കുന്നവര്‍ക്ക് മൃതദേഹം തിരിച്ചറിയാനും അവസരം നല്‍കിയ ശേഷമാണ് അവരെ സംസ്‌കരിച്ചത്.
ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനിലുള്ള 64 സെന്‍റ് സ്ഥലത്തായിരുന്നു സംസ്‌കാരം നടത്തിയത്. ഇതുവരെ 360ന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തു. 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8000ത്തിന് മുകളില്‍ അഭയാര്‍ത്ഥികളാണുള്ളത്.