കളിയും കലയും കഴിവുകള്‍ കൊണ്ടാണ് ജനഹൃദയങ്ങളിലേക്ക് കയറിച്ചെല്ലേണ്ടത്. കളിക്കാരും കലാകാരന്മാരും ജനങ്ങളുടെ ഇഷ്ടതോഴന്മാരാവുന്നതും അത് കൊണ്ട് തന്നെയാണ്. അതിലൂടെ തന്നെയാണ് ഫാന്‍സ് അസോസിയേഷന്‍ രൂപം കൊള്ളുന്നതും. പക്ഷേ ചില സമയങ്ങളില്‍ കഴിവു വിട്ട പ്രവര്‍ത്തനം കലാകാരന്മാരില്‍ നിന്നുണ്ടാവുമ്പോള്‍ അത് കലയെയും കളിയേയും അതിനെ സ്‌നേഹിക്കുന്നവരെയും വെറുപ്പിക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ഒരിക്കലും ആഗ്രഹിക്കപ്പെടാത്ത രണ്ട് സംഭവങ്ങളാണ്. യൂറോ ഫൈനലും കോപ്പ ഫൈനലും യഥാക്രമം സ്‌പെയിനും അര്‍ജന്റീനയും നേടിയപ്പോള്‍ കളിയാവേശത്തിന്റെ ആഘോഷ രാവിന് ചെറിയൊരു വിരാമമായിരുന്നു. പിന്നെ രണ്ട് ദിവസത്തോളം സോഷ്യല്‍ മീഡിയകളില്‍ ഫാന്‍സിന്റെ ആഘോഷ പരിപാടികളും നടന്നു. പക്ഷേ, ഇവിടെ കളിയിലെ ആഘോഷം അതിരുവിട്ടു വംശീയ അധിക്ഷേപത്തിലേക്ക് മാറിയപ്പോള്‍ ആഘോഷ ചര്‍ച്ചകള്‍ക്കപ്പുറം ലോകം അര്‍ജന്റീനയുടെ അതിരുവിട്ട ആഘോഷത്തിനെ ചര്‍ച്ച ചെയ്തു. കോപ്പ അമേരിക്കയുടെ ഫൈനല്‍ ആഘോഷവും കഴിഞ്ഞ് ബസ്സിലുള്ള യാത്രയിലുടനീളമാണ് ഫെര്‍ണാണ്ടസിന്റെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ 40 മില്യണ്‍ ആളുകള്‍ നേരിട്ട് കേട്ട വംശീയതയുടെ ഗാനാലാപനം ടീം ഒന്നിച്ച് പാടിയത്. വരികളുടെ അര്‍ത്ഥം ഇങ്ങനെ ‘ കള്‍ക്കൂ ലോകെമ്പാടും പ്രചരിപ്പിക്കൂ, അവരെല്ലാം അങ്കോളയില്‍ നിന്നുള്ളവര്‍ ആണ്. അവര്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ഒപ്പം അന്തിയുറങ്ങും. അവരുടെ അമ്മ നൈജീരിയന്‍ ആണ്, അവരുടെ അച്ചന്‍ കാമറൂണ്‍കാരനും, പക്ഷേ പാസ്‌പോര്‍ട്ടില്‍ പറയുന്നു അവര്‍ ഫ്രഞ്ചുകാര്‍ ആണെന്ന്’. നിമിഷ നേരം കൊണ്ട് ലോക ഫുട്‌ബോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം ഈ അധിക്ഷേപമായിത്തീര്‍ന്നു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പയെ മാത്രം ലക്ഷ്യം വച്ചുള്ള വരികളായിരുന്നു ഇതെന്ന് ആര്‍ക്കും അധികം ചിന്തിക്കേണ്ടി വന്നില്ല. വിമര്‍ശനം ഫുട്‌ബോള്‍ ലോകം ഏറ്റെത്തതോടെ ഫെര്‍ണാണ്ടിസിന്റെ വാളില്‍ മാപ്പെഴുതിയുള്ള കുറിപ്പ് വന്നു. അനാവശ്യ വിവാദങ്ങളിലേക്ക് നയിച്ച എംബാപ്പയുടെ വാക്കുകളും വിമര്‍ശനമര്‍ഹിക്കുന്നുണ്ട്.
രാജ്യാന്തര മത്സരങ്ങളിലുള്ള വംശീയ അധിക്ഷേപവും അനാവശ്യ വാഗ്വാദങ്ങളും ഇന്നലെ മാത്രം സംഭവിച്ചതല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഇത് കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്നുണ്ട്. കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ കളിക്കാരാണ് പലപ്പോഴും ഇതിന് കാരണക്കാരായിത്തീരുന്നത്. ഗോളടിച്ചും അടിപ്പിച്ചും ക്ലബ്ബിനേയും രാജ്യത്തേയും ജയിപ്പിക്കുന്നതിന് പുറമെ ഇത്തരം അധിക്ഷേപങ്ങള്‍ പലപ്പോഴും താരങ്ങളെ ഫുട്‌ബോളിനെ തന്നെ വെറുപ്പിക്കുന്നുണ്ടാവും. ഏറ്റവും വിഭിന്നമായ അധിക്ഷേപമായിരുന്നു കഴിഞ്ഞ ലോകകപ്പ് സമയത്ത് ജര്‍മ്മനിയുടേത്. ലോകകപ്പ് ഖത്തറിലാണെന്നും അവിടെ രാജ്യത്തിന്റെ ചില നിബന്ധനകള്‍ പാലിക്കാന്‍ എല്ലാ രാജ്യക്കാരും തയ്യാറാവണമെന്നും ഫിഫയുടെ മുന്നറിയിപ്പുണ്ടെന്ന് മാത്രമല്ല ഫിഫ പ്രസിഡണ്ട് എല്ലാത്തിനും മുന്നില്‍ നിന്ന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അതിനിടയിലായിരുന്നു ജര്‍മ്മനിയുടെ എല്‍ ജി ബി ടി ഖ്യ സ്റ്റിക്കറുമായി പറന്നുവന്ന വിമാനം ഖത്തറില്‍ ഇറങ്ങാതെ ഒമാനിലിറക്കുകയും തുടര്‍ന്ന് ഖത്തറിലേക്ക് തിരിക്കുകയും ചെയ്തത്. അത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ രാജ്യാന്തര മത്സരത്തിലെ വിജയത്തിന് ശേഷം വായ മൂടിയുള്ള പ്രതിഷേധവും ഒരു രാജ്യത്തെ താറടിക്കുക കൂടിയായിരുന്നു. കളിമൈതാനത്ത് വന്നവര്‍ കളിച്ച് പോയാല്‍ മതിയെന്നായിരുന്നു അന്ന് കായിക ലോകം പ്രതികരിച്ചത്.
അത് തന്നെയാണ് പറയാനുള്ളതും. ഫുട്‌ബോള്‍ ഒരുപാട് ഇതിഹാസങ്ങളുടെ പിറവി കൊണ്ട കലാരൂപങ്ങളാണ്. അവിടെ പല സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമികയാണ്. അതിനെ വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും കളിമൈതാനാക്കാന്‍ നല്ലവരായ ഫുട്‌ബോള്‍ പ്രേമികള്‍ അനുവധിക്കില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.
സാംസ്‌കാരിക കേരളത്തിന്റെ നാട്ടിന്‍ പുറത്ത് നിന്നായിരുന്നു കലയിലെ കാര്യം ചര്‍ച്ചാ വിഷയമായത്. കലാമണ്ഡലം സത്യഭാമ, നടനും നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനു നേരെ നടത്തിയ ജാതീ അധിക്ഷേപത്തിന് കേരളം സാക്ഷിയായി മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ അടുത്ത പ്രശ്‌നം കലാ ലോകത്ത് നിന്ന് വന്നത് കേരളത്തെ തന്നെ അത്യധികം ലജ്ജാവഹമാക്കിയിട്ടുണ്ട്. സിനിമയം സീരിയലും നൃത്തവുമൊക്കെ വ്യത്യസ്ഥ രൂപങ്ങളായ കലകളാണെന്നും കഴിവുള്ളവന്‍ അതില്‍ പേരെടുക്കുകയും ചെയ്യും. ഈ സത്യമുള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് മാനസീകമായ തകരാറോ ഈഗോ പ്രശ്‌നമോ ആയിരിക്കും കാരണമെന്ന് പറയേണ്ടി വരും.
ഇന്നലെയായിരുന്ന കലാരൂപത്തെ തന്നെ അധിക്ഷേപിച്ച് മറ്റൊരു അനിഷ്ട സംഭവമുണ്ടായത്. എം ടി വാസുദേവന്‍ നായരുടെ കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രയിലര്‍ വേദിയിലായിരുന്നു മതാധിക്ഷേം നടന്നത്. സംഗീത സംവിധായകന്‍ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സിനിമാ നടന്‍ ആസിഫ് അലിയെ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അത് വാങ്ങാന്‍ തിരസ്‌കരിക്കുകയും തുടര്‍ന്ന് സംവിധായകന്‍ ജയരാജനെ വിളിച്ച് അതി സ്വീകരിക്കുകയം ചെയ്തത്. ഇതിന് പുറമെ അടുത്തുള്ള വി ഐ പികള്‍ക്ക് മുന്നില്‍ കുനിഞ്ഞ് കുശലാന്വേഷണം നടത്തുമ്പോഴും തൊട്ടടുത്തുള്ള ആസിഫ് അലിയെ പരിഗണിക്കാതിരുന്നതും സിനിമാ ലോകത്ത് ഏറ്റവും പുതിയ മതാധിക്ഷേപത്തിന് കാരണമായി. ഖാന്‍മാരുടെ തേര്‍വാഴ്ച്ച് നടക്കുന്ന ബോളിവുഡില്‍ സംഘികളുടെ മതാധിക്ഷേപമാണ് നടന്നതെങ്കില്‍ ഇവിടെ കലാകാരന്മാര്‍ക്കിടയില്‍ നടന്നതാണ് ആക്ഷേപത്തിന് ശക്തി പകരുന്നത്. ആസിഫ് അലിക്ക് പിന്തുണയുമായി പലരും സോഷ്യല്‍ മീഡിയയില്‍ എത്തുകയും രമേശ് നാരായണന്‍ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അ്‌പ്പോഴും ഇതെന്ത് കൊണ്ടുണ്ടായി എന്നത് ചോദ്ചിഹ്നമായി ബാക്കി നില്‍ക്കുന്നു.
കലാരൂപങ്ങള്‍ കലയിലൊതുങ്ങണം, കാലാകാരന്മാര്‍ എന്നും ആദരിക്കപ്പെടണം, കഴിവുള്ളവന്‍ അംഗീകരിക്കപ്പെടണം അത് ആ വട്ടത്തിനകത്ത് ഒതുങ്ങുകയും ചെയ്യണം. അതിന് സാധ്യമല്ലാത്തവര്‍ ആ ജോലിയില്‍ നിന്ന് ഇറങ്ങണം. കളിയും തഥൈവ രാജ്യാന്തര കളിയില്‍ ഏത് രാജ്യത്ത് കളിക്കണമെന്നത് കളിക്കാരന്റെ താത്പര്യം അത് ആ രാജ്യം അംഗീകരിച്ചാല്‍ പിന്നെ ചോദ്യത്തിന് വകയില്ല. അവ അംഗീകരിച്ചേ മതിയാവൂ. അതിന് സാധ്യമല്ലാത്തവര്‍ അത് നിറുത്തുക തന്നെ. ജനം അത് അംഗീകരിക്കുകയും വേണം. അഭിപ്രായമാവാം ആരേയും വേദനിപ്പിക്കാതെയാവട്ടേ പ്രകടനം എന്നു മാത്രം.