ഏഴ് വര്‍ഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് ഇന്നലെയൊരു പിതാവ് പറന്നെത്തി. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ വരേണ്ട മകന്‍ ഒരാള്‍ ആറടി മണ്ണിലും മറ്റൊരാള്‍ ജയിലറയിലും. ഒന്നുമറിയാതെ പ്രിയതമ ആശുപത്രിയുടെ ഐസിയുവില്‍ മരണത്തോട് മല്ലടിക്കുന്നു. ഒരു പിതാവും സ്വപ്‌നം കാണാത്ത അതിഭീകരമായ അവസ്ഥ. കഥ കേട്ട് കനിവലിഞ്ഞ് സൗദി ഗവണ്‍മെന്‍റ് പോലും ആ മനുഷ്യന് നാട്ടിലേക്കുള്ള യാത്ര സജ്ജീകരിച്ചു കൊടുത്തു.
തിരുവനന്തപുരത്ത് നിന്ന് കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറിയിട്ടില്ല. 23 വയസ്സുകാരനായ കൗമാരക്കാരന് ഇതിനുള്ള മനോധൈര്യം എവിടുന്ന് കിട്ടി? മാതാപിതാക്കള്‍ക്ക് മുന്നില്‍ പോലും ഒരു സമസ്യയാണത്. ഇത് കേവലമൊരു അഫാനില്‍ നിന്ന് തുടങ്ങിയതോ അഫാനില്‍ അവസാനിക്കുന്നതോ അല്ല.
ഇത് കുറിക്കുന്ന നേരം മുന്നിലെ സ്‌ക്രീനില്‍ മറ്റൊരു വാര്‍ത്തയും കൂടി തെളിഞ്ഞു വരുന്നു. കോഴിക്കോട് ട്യൂഷന്‍ സെന്‍റർ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംഘര്‍ഷത്തില്‍ 10ാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. തലയോട്ടി പിളര്‍ക്കും വിധം ആഴത്തിലുള്ള മുറിവാണ് മരണ കാരണം. അറസ്റ്റ് ചെയ്യപ്പെട്ടത് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. തമ്മില്‍ തല്ലിത്തുടങ്ങി തലയോട്ടി പിളര്‍ക്കും പോലെ വെട്ടാനും കുത്താനും ഇവര്‍ക്കുള്ള പ്രചോദനവും പ്രേരണയുമൊക്കെ എന്താണാവോ?
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തിന്‍റെ അകത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതക കേസുകളുടെ അവസ്ഥയൊന്ന് പരിശോധിച്ചാല്‍ നെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊലപാതകത്തിനപ്പുറം കുടുംബത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതോര്‍ക്കുമ്പോഴാണ് സംഭവത്തിന്‍റെ ഭീതി വര്‍ധിപ്പിക്കുന്നത്. പിറവി നല്‍കിയ മാതാവിനെ വെട്ടി പ്രസവിച്ചതിനുള്ള ശിക്ഷ നടപ്പാക്കിയതാണെന്നാണ് ഒരു കൗമാരക്കാരന്‍ കൊലപാതകത്തിന് ശേഷം പറഞ്ഞത്. ഒരിക്കലും ഒരു മകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ലാത്ത പലതും ഞാന്‍ നേരിട്ടനുഭവിച്ചവെന്നാണ് ഒരു ചാനലിന് മുന്നില്‍ അഭിമുഖം നല്‍കിയ ഒരു മാതാവ് കരഞ്ഞ് പറഞ്ഞത്. ഇനി ഒരു മാതാവിനും ഇത് സംഭവിക്കരുതേ എന്നും കൂടി ആ മാതാവ് പറഞ്ഞ് വിലപിച്ചു.
എല്ലാത്തിന് പിന്നിലും ലഹരിയെന്ന വലിയ വിപത്താണ്. കഞ്ചാവും മയക്കുമരുന്നും നാടു നീളെ കച്ചവടം നടത്തി കൗമാരങ്ങളെ വലവീശിപ്പിടിക്കുന്നു. സ്‌കൂളുകള്‍ അവരുടെ ഉല്ലാസ കേന്ദ്രങ്ങളും കച്ചവട സ്ഥലങ്ങളാുമായി മാറുന്നു. മെഡിക്കല്‍ കോളേജിലെ ട്രൈനിംഗ് നടത്തുന്ന ഡോക്ടര്‍മാര്‍ പോലും ഇതിന്‍റെ ഇരകളാണെന്നത് ഭയപ്പെടുത്തുന്നുണ്ട്. ഇവിടെ നിത്യമായി ഇത് ഉപയോഗിക്കാറുണ്ടെന്നാണ് കൂട്ടത്തിലുള്ളവര്‍ അന്ന് പറഞ്ഞത്. പോലീസ് പലപ്പോഴും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിട്ടും കണ്ണടയ്ക്കുന്ന പലരും നമ്മുടെ കൂട്ടത്തിലുണ്ട്. നാളത്തെ സമുദായ നശീകരണത്തിന് സഹായമേകലാണ് ഈ കണ്ണടയ്ക്കല്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരം കേസുകളില്‍ അകപ്പെട്ടവര്‍ നിസ്സാരമായി പിന്നീട് പുറത്ത് വരുന്നുവെന്ന് മറ്റൊരു ഭീതിതമായ സത്യമാണ്. പോലീസും നാട്ടുകാരും ഇതിന് പിന്നില്‍ നിതാന്ത ജാഗ്രതരായി മുന്നോട്ട് പോവാത്ത കാലത്തോളം ഇതിന് പരിഹാരമുണ്ടാവുകയില്ല. ഇനിയും പലതും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരും.
കലാലയങ്ങളിലും ക്യാംപസുകളിലും പഠനം നടത്തുന്ന മക്കളുടെ സാഹചര്യങ്ങള്‍ പൊതുവെ മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. പ്രത്യേകിച്ച് പുറത്ത് പഠനത്തിന് അയക്കുന്ന രക്ഷിതാക്കള്‍. തങ്ങളുടെ മക്കള്‍ നന്മ മരങ്ങളാണെന്ന് വിശ്വസിക്കുന്ന രക്ഷിതാക്കളാണ് നമ്മില്‍ കൂടുതലാവും. സത്യമാവാം, പക്ഷേ സാഹചര്യം അവരെ തെറ്റിലേക്ക് നയിക്കും. അവരുടെ പഠനവും ക്യാംപസ് ജീവിതവും അദ്ധ്യാപകര്‍ വഴിയും നേരിട്ടും അന്വേഷിച്ചാല്‍ മാത്രമേ ഇതിനൊക്കെ പരിഹാരമാവുകയുള്ളു. ദിവസങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെ ഒരു ഗവണ്‍മെന്‍റ് കോളേജ് പ്രധാനധ്യാപിക ക്യാംപസില്‍ നടക്കുന്ന അരാജകത്വവും ആണ്‍-പെണ്‍ വഴിവിട്ട ബന്ധങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കേസുകള്‍ ഇങ്ങനെ വായിക്കാം’ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു, പ്രതി പത്താം ക്ലാസുകാരന്‍, ചേച്ചി മയക്കു മരുന്നു നല്‍കി ഉപയോഗിച്ചു, പന്ത്രണ്ടു കാരിയുടെ വെളിപ്പെടുത്തല്‍’. സ്‌കൂളുകളില്‍ നടക്കുന്ന സംഭവ വികാസങ്ങളുടെ യഥാര്‍ത്ഥ മുഖങ്ങളാണ് ഇതൊക്കെ. പൂരം കഴിഞ്ഞ് വെടിപൊട്ടിച്ച് കാര്യമില്ലെന്ന ആപ്ത വാക്യം പറയുന്ന പോലെ എല്ലാം കയ്യില്‍ നിന്ന് വിട്ട് പോയി നിലവിളിച്ച് കാര്യമില്ല. നമ്മുടെ മക്കളെ പഠനത്തിനയക്കാതിരിക്കാനും പറ്റില്ലെന്നതാണ്. അത് കൊണ്ട് രക്ഷിതാക്കളായ നാം ജാഗ്രതയുള്ളവരാവണം.
കേരളത്തിലെ ക്യാംപസുകളില്‍ സജീവമായി നടക്കുന്ന സംഘടന രാഷ്ട്രീയം ഈ കാര്യങ്ങളില്‍ മുന്‍ കയ്യെടുത്താല്‍ ഒരു പക്ഷേ താത്കാലികമായി ചില ഭാഗങ്ങളില്‍ ഇതിന് ശമനമുണ്ടാവാം. ജെന്‍ഡര്‍ ന്യൂട്രലിസവും, ലിബറിലസവും പറഞ്ഞു നടക്കുന്നവര്‍ ഇതിനൊക്കെ നേരം കണ്ടെത്തിയാല്‍ ഉദ്ദ്യമങ്ങളൊക്കെ ഉപകാരങ്ങളാവും.
കൗമാരങ്ങളെ ഉത്തേജിപ്പിക്കുന്ന പുതിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളില്‍ പോലും അക്രമ വാസനകള്‍ക്കും കൊലപാതക പ്രേരണകള്‍ക്കും അമിത പ്രാധാന്യം നല്‍കുന്നു. പഴയ കാലത്ത് നിലനിന്നിരുന്നു ചില പരിമിതികളൊന്നും ഇന്നില്ല. കൊലപാതകങ്ങളുടെ ക്രൂരമുഖങ്ങളാണ് പുതിയ സിനിമകളിലെ വില്ലനും നടനും പരിവേഷം നല്‍കുന്നതെന്ന് അടുത്ത കാലത്ത് ചില സംവിധായകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തുന്നത്. സിനിമകള്‍ യുവത്വത്തെ വലിയ രൂപത്തില്‍ സ്വാധീനിക്കുന്നുവെന്ന് അറിയാത്തവരല്ല സംവിധായകരും തിരക്കഥാകൃത്തുകളും. യുവത്വങ്ങള്‍ക്ക് മുന്നില്‍ കൊലപാതകങ്ങള്‍ ലാഘവത്തോടെ അവതരിപ്പിക്കുകയും അതിന്‍റെ തീവ്രതയെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ലഹരിയില്‍ പൂണ്ടവര്‍ക്ക് ഇത് സുഖമമായ പ്രവര്‍ത്തിയായി മാറുന്നുവെന്നതാണ് സത്യം.
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പേടിപ്പെടുത്തുന്ന സത്യങ്ങളാണ് നിലവില്‍ അരങ്ങേറുന്നത്. ഡ്രഗ്‌സിന്‍റെ സ്വന്തം നാടായി മാറിയിരിക്കുന്നു. ഇന്ന് വന്ന റിപ്പോര്‍ട്ടില്‍ യുവാവ് ഡാര്‍ക്ക് വെബ് വഴി ബിറ്റ് കോയിനുപയോഗിച്ച് ഫ്രാന്‍സില്‍ നിന്ന് നാട്ടിലേക്ക് കൊറിയര്‍ വഴിയാണ് എം ഡി എം വരുത്തിച്ചിരിക്കുന്നത്. ഇത് പിടിക്കപ്പെടുന്നത് വളരെ വിരളമായ കേസ്. ഇതല്ലാത്ത എത്രയോ കേസുകള്‍ ഇനിയുമുണ്ടാവും. നമ്മുടെ നാടും സംസ്‌കാരവും രക്ഷപ്പെടണമെങ്കില്‍ ഒന്നിച്ച് നിന്ന് നിതാന്ത ജാഗ്രതരായി മുന്നേറണം. എന്നാലേ വീട്ടില്‍ പോലും നമ്മുക്ക് സുരക്ഷിതമുണ്ടാവുകയുള്ളു എന്ന് ഓര്‍മ്മിക്കുക. നാളത്തെ സമുദായത്തെ രക്ഷിക്കാന്‍ ഈ ഉദ്ദ്യമത്തില്‍ ഒന്നിക്കുക.