ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ പലായനമായിരുന്നു മക്കയില്‍ നിന്ന് പ്രവാചക അനുചരന്‍മാര്‍ മദീനയിലേക്ക് നടത്തിയത്. അന്ന് ജന്മ ദേശം വിട്ട് നാട് വിടുമ്പോള്‍ തിരിച്ചു വരുമെന്ന പ്രത്യാശയില്ലെങ്കില്‍ പോലും അവര്‍ കയ്യില്‍ ഒന്നും കരുതിയിരുന്നില്ല. നട്ടുവളര്‍ത്തിയതൊക്കെയും ആ മണ്ണില്‍ ഒഴിവാക്കി അവരുടെ നേതാവ് പ്രവാചകര്‍ മുഹമ്മദ് (സ) യോടൊപ്പം മദീനയിലേക്ക് തിരിച്ചു. അവിടെ പ്രവാചക അനുചരന്മാരായ അന്‍സാറുകള്‍ അവരെ സ്വീകരിച്ചിരുത്തിയത് ഇസ്ലാമിക ചരിത്രത്തിലെ ഏക്കാലത്തെയും മാതൃകയായിരുന്നു. കയ്യിലുണ്ടായിരുന്നതൊക്കെയും ഭാഗിച്ച് പലായനം നടത്തി വന്നവര്‍ക്ക് നല്‍കി. വീടും സമ്പാദ്യവും ബിസിനസ്സുമെല്ലാം വന്നവര്‍ക്ക് വിഹിതിച്ചു നല്‍കി. ഒരു പക്ഷേ ഇതു പോലെ ചരിത്രത്തിലെ ഒരു ആതിഥേയത്വം നാം കണ്ടോ കേട്ടോ ഉണ്ടാവില്ല.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു യു. എ. ഇിലെ അജ്മാന്‍ എമിറേറ്റില്‍ വണ്‍ ടവറെന്ന വലിയ കെട്ടിടത്തില്‍ തീ പിടത്തമുണ്ടായത്. രാത്രി നടന്ന തീപിടിത്തത്തില്‍ ആളപായമില്ലാതെയായിരുന്നു സുരക്ഷാ പ്രവര്‍ത്തകര്‍ ജനങ്ങളെ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആ രാത്രിയില്‍ തന്നെ പലര്‍ക്കും അവിടെ ഇറങ്ങേണ്ടി വന്നു. രാത്രിയില്‍ ഗവണ്‍മെന്‍റ് അവര്‍ക്ക് താമസ സൗകര്യമൊരുക്കി. പലര്‍ക്കും പലതും നഷ്ടപ്പെട്ടു. കെട്ടിടം പഴയ അവസ്ഥയിലായപ്പോള്‍ പോയവരൊക്കെയും കെട്ടിടത്തിലേക്ക് തിരിച്ചു വന്നു. അന്ന് അജ്‌മാന്‍ പോലീസ് മേധാവി ഓരോ ഫ്‌ളാറ്റുകളില്‍ ചെന്ന് ഗവണ്‍മെന്‍റ് വക ഒരു ബൊക്കെയും നല്‍കി അവരെ ആദരിച്ചു. സ്വന്തം വീട്ടിലെ അതിഥികളെ പോലെ.
ഇതൊക്കെയും പറഞ്ഞു വന്നത്, വയനാടിനെ എങ്ങനെ തിരിച്ചു പിടിക്കാം എന്ന് പറയാനാണ്. മുകളില്‍ പറഞ്ഞ അര്‍പ്പണ ബോധവും സേവന സന്നദ്ധതയും വിശാല മനസ്സും ആദ്യം നമ്മുക്കുണ്ടാവണം. കയ്യിലുളളത് എന്തായാലും നല്‍കാന്‍ തയ്യാറാവണം. നമ്മുടെ വീട്ടുകാരെ പോലെ കൂടെ കൂട്ടണം. ഇനിയും ഒരുപാട് കാലം അഭയാര്‍ത്ഥി ക്യാമ്പില്‍ അവര്‍ കഴിയേണ്ടി വന്നാലും ഒരു കുറവും അവിടെയുണ്ടാവാന്‍ പാടില്ല. കരുതലിന്‍റേയും ചേര്‍ത്തു നില്‍പ്പിന്‍റേയും മാതൃക നാം കേരളക്കാര്‍ ചെയ്‌ത് കൊടുക്കണം. നമ്മുടെ മാതാവായും പിതാവായും സഹോദരി സഹോദരനായും മക്കളായും കാണാന്‍ സാധിക്കണം.
പലരും പല വഗ്‌ദാനങ്ങളും നല്‍കി, അത് നടപ്പിലാക്കാനുള്ള പ്രക്രിയ സര്‍ക്കാരിനാണ്. അത് നടത്താനും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനും സര്‍ക്കാര്‍ ബാധ്യസ്ഥരുമാണ്. അത്തരം സമയങ്ങളില്‍ അനാവശ്യമായ കടലാസുകളുടെയും രേഖകളുടെയും പേര് പറഞ്ഞ് ആ പാവങ്ങളെ സര്‍ക്കാര്‍ ആപ്പീസുകളിലേക്ക് കയറിയിറക്കുന്ന ദുരവസ്ഥ ഉണ്ടാക്കരുത്. വളരെ ലളിതമായ പ്രക്രിയകളിലൂടെ ഇത് നടത്തണം. വീടുകള്‍ നിര്‍മ്മിക്കപ്പെട്ടാല്‍ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്ന സന്തോഷത്തോടെ അവരെ കുടികയറ്റണം. അപ്പോഴാണ് യഥാര്‍ത്ഥ സേവനം പൂര്‍ത്തിയാവുന്നത്.
ഇപ്പോള്‍ രാഷ്ട്രീയവും സംഘടനയുടെയും പേര് പറയണ്ട സമയമല്ല, മലയാളിയെന്ന ഒരൊറ്റ ഓമനപ്പേര് മതി. നാം ചേര്‍ന്ന് നിന്ന് അവര്‍ക്ക് കൂടൊരുക്കാം. അവരുടെ മണ്ണില്‍ തന്നെ അവര്‍ക്ക് താമസത്തിന് വകയുണ്ടാക്കാം. കൊച്ചുമക്കള്‍ വിദ്യാലയങ്ങളില്‍ പോവണം, യുവാക്കളും മദ്ധ്യവയസ്‌കരും അദ്ധ്വാനിക്കാന്‍ പോവണം, വയസ്സായവര്‍ വീട്ടില്‍ വിശ്രമിക്കാന്‍ സൗകര്യമുണ്ടാവണം. അങ്ങനെ പഴയ പ്രകൃതി രമണീയ്യമായ മുണ്ടക്കൈയും ചൂരല്‍ മലയും നമ്മുക്ക് പണിയാം.