വയനാട്: നീണ്ട ഏഴ് മണിക്കൂര്‍ സാഹസീക യാത്ര, ഒടുവില്‍ അവരുടെ കയ്യില്‍ സുരക്ഷിതരായി അഭയാര്‍ത്ഥി ക്യാമ്പിലേക്ക് എത്തിയത് നാല് കുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബമായിരുന്നു. ആശിഫ് കോളോത്ത്, ജയചന്ദ്രന്‍, കെ അനില്‍ കുമാര്‍, അനൂപ് തോമസ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. വ്യത്യസ്ഥ വനം വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണിവര്‍.
മലമുകളിലെ പാറപ്പൊത്തിലായിരുന്നു അച്ചനും കുഞ്ഞുങ്ങളുമടങ്ങുന്ന ഈ കുടുംബമുണ്ടായിരുന്നത്. ഭയചകിതരായ കുട്ടികള്‍ ക്യാമറയിലേക്ക് പോലും ഭീതിയോടെയായിരുന്നു നോക്കിയിരുന്നത്. കുട്ടികളെ കയ്യിലെടുത്ത ഉദ്യോഗസ്ഥര്‍ ക്യാമറക്ക് മുന്നില്‍ കണ്ണീര്‍ തുടക്കുന്നത് വരെ കാണാം. മൂന്ന് ദിവസമായി ഭക്ഷണമില്ലാത്ത ഈ കുട്ടികള്‍ക്ക് എത്തിയ ഉടനെ അവര്‍ ഭക്ഷണം നല്‍കി. അവരവിടെ നഗ്നരായിരുന്നു, കയ്യിലുണ്ടായിരുന്ന പുതപ്പുകള്‍ കീറി ഉദ്യോഗസ്ഥര്‍ അവരെ പുതപ്പിച്ചാണ് താഴെയിറക്കിയത്.
ഏറെ സാഹസീകവും അതീവ ബുദ്ധിമുട്ടുമേറിയ സ്ഥലത്ത് നിന്നായിരുന്നു അവരെ രക്ഷിച്ചെടുത്തത്. തലേ ദിവസം വനത്തില്‍ നിന്ന് കിട്ടിയ അമ്മയും കുഞ്ഞില്‍ നിന്നാണ് മുകളില്‍ മൂന്ന് കുട്ടികളും ഭര്‍ത്താവുമുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. അങ്ങനെയാണ് സാഹസീക രക്ഷാ പ്രവര്‍ത്തനത്തിന് സംഘം തയ്യാറായത്.