പൊറുക്കാനാവാത്ത പിഴവെന്ന് പി കെ ഫിറോസ്
വയനാട്: അന്നം കൊടുക്കാന്‍ വന്നവരുടെ അന്നം മുടക്കി പോലീസ് രാഷ്ട്രീയം. വയനാട് മേപ്പാടി ദുരന്ത മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി രക്ഷാ പ്രവര്‍ത്തകര്‍ക്കടക്കം പത്തായിരത്തോളം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തിയിരുന്ന യൂത്ത് ലീഗ് സന്നദ്ധ സേവകരായ വൈറ്റ് ഗാര്‍ഡിനോട് സേവനം നിര്‍ത്തി വെക്കാന്‍ പോലീസ് ആഹ്വാനം. സര്‍ക്കാരിന്‍റെ ആഹ്വാനം അതേപടി നടത്തുകയാണ് പോലീസ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഡി.ഐ.ജി. തോംസണ്‍ ജോസാണ് പാചകപ്പുര നിര്‍ത്തവെക്കാന്‍ ഭീഷണിയുടെ ഭാഷയില്‍ ഉത്തരവിട്ടത്. നാളെ മുതല്‍ പാചകപ്പുര കണ്ടാല്‍ നടപടിയെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.
ദുരന്ത മുഖത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളോടൊപ്പമാണെന്ന് കോണ്‍ഗ്രസും ലീഗുമൊക്കെ പ്രഖ്യാപിച്ച അടുത്ത ദിവസമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഈ കപട രാഷ്ട്രീയ മുഖം വെളിവാകുന്നത്. യാതൊരു പ്രകോപനമില്ലാതെയാണ് പോലീസ് ഞങ്ങളോട് നിര്‍ത്തിവെക്കാന്‍ പറഞ്ഞതെന്ന് വൈറ്റ്‌ഗാര്‍ഡ് ടീമംഗം പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി പോലീസടക്കം ഈ ക്യാമ്പില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മലമുകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പോകുന്നവര്‍ക്ക് ഭക്ഷണം പാര്‍സലായും ഇവര്‍ നല്‍കിയിരുന്നു. ഇന്നു മുതല്‍ പോലീസിന്‍റെ ആഹ്വാനം സ്വീകരിച്ച് ഈ സന്നദ്ധ സേവനം ഇവിടെ നിറുത്തുന്നുവെന്നും പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ രാഷ്ട്രീയ കപടത മാനസീക ദു:ഖമുണ്ടാക്കിയെന്നും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ പറഞ്ഞു.
ഇത് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണെന്ന് യൂത്ത് ലിഗ് സംസ്ഥാന ജ.സെക്രട്ടറി പി. കെ. ഫിറോസ് ആരോപിച്ചു.