ഇതുവരെ കലാപത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടു.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചകാലത്തേക്ക് അടച്ചിട്ടു.
ബംഗ്ലാദേശ്: സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണത്തിന്‍റെ മേല്‍ നടക്കുന്ന കലാപം ബംഗ്ലാദേശില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതുവരെ 105 പേരാണ് വ്യത്യസ്ഥ സ്ഥലങ്ങളിലുള്ള കലാപത്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തിന് മുകളില്‍ ആളുകള്‍ക്ക് പരിക്കുമുണ്ട്. രാജ്യത്ത് മുഴുവനും സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നതാണ് ഏറെ ഖേദകരം.
ഓരോ ദിവസവും പ്രതിഷേധവും കലാപവും കൂടിവരുന്നു. രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശൈഖ് ഹസീന വ്യക്തമാക്കിയിട്ടുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വിധി വരുന്നത് വരെ ക്ഷമയുണ്ടാവണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ 30 ശത്മാനം അടക്കം നിലവില്‍ 56 ശതമാനം സംവരണമാണ് സര്‍ക്കാര്‍ സര്‍വ്വീസിലുള്ളത്. 2018ല്‍ ഈ വിധി ശൈഖ് ഹസീന സര്‍ക്കാര്‍ എടുത്തു കളഞ്ഞെങ്കിലും ഹൈക്കോടതി ആ വിധി റദ്ദ് ചെയ്തിരുന്നു. അന്നായിരുന്നു ധാക്കാ സര്‍വ്വകലാശാലയില്‍ നിന്ന് പ്രതിഷേധം ആരംഭിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ജൂലൈ 10ന് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ആഗസ്റ്റ് ഏഴിന് ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
സർക്കാർ സര്‍വ്വീസിലെ സംവരണ നിയമം പരിഷ്‌കരിച്ച് മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ നിയമനം നടക്കണമെന്നാണ് കലാപകാരികളുടെ ആവശ്യം. രാജ്യത്ത് തൊഴിലില്ലായ് അധികരിച്ചത് ഈ സംവരണത്തിലെ പൊരുത്തമില്ലായ്മയാണെന്നും കലാപകാരികള്‍ ഉന്നയിക്കുന്നു. ധാക്കാ സര്‍വ്വകലാശാലയില്‍ നിന്നാരംഭിച്ച സമരം രാജ്യത്ത് കത്തിയാളുകയായിരുന്നു. ഇതിനിടെ ഭരണ കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടന അവാമി ലീഗും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പോലീസ് ഗ്രനേഡും മറ്റും ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സമരം രാജ്യ വ്യാപകമായി രൂക്ഷമായത്.
പ്രതിഷേധവും കലാപവും ശക്തമായതോടെ രാജ്യത്തെ സര്‍വ്വകാലാശാലകളടക്കം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ച കാലത്തേക്ക് അടച്ചിട്ടു. ഹോസ്റ്റലുകള്‍ ഒഴിഞ്ഞു പോവണമെന്ന് വിദ്യാര്‍ത്ഥികളോട് അധികൃതര്‍ ഉത്തരവ് നല്‍കി. പല സ്ഥലങ്ങളിലും ഇൻർനെറ്റ് വിച്ചേദിക്കപ്പെട്ടു. മെട്രോയടക്കം ധാക്കയിലേക്കുള്ള മുഴുവന്‍ റെയില്‍ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.