തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ത്രിപ്പൂര്‍ ജില്ലയില്‍ മരിക്കും മുമ്പ് 20 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ നോവോര്‍മ്മയായി. വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്യുന്നതിനിടയിലാണ് 49കാരനായ സേമാലിയപ്പന് ഹൃദയാഘാതം സംഭവിച്ചത്. നെഞ്ച് വേദനയെടുത്ത അതേ സമയം തന്നെ അദ്ദേഹം ബസ് റോഡരികിലേക്ക് കഷ്ടിച്ച് നിറുത്തുകയും തത്സമയം തന്നെ മരണപ്പെടുകയും ചെയ്‌തു. ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജൂണ്‍ 24ന് ബുധനാഴ്‌ച്ച ത്രിപ്പൂര്‍ ജില്ലയില്‍ വെള്ളായിക്കോലിലെ എ. എന്‍. വി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വൈകുന്നേരം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ശക്തമായ വേദനക്കിടയിലും കഷ്ടിച്ച് അദ്ദേഹം ബസ്സ് റോഡ് സൈഡിലൊതുക്കുകയായിരുന്നു. അവസാന നിമിഷത്തിലും അദ്ദേഹം കാട്ടിയ പക്വമായ സമീപനമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
സംഭവം നടന്ന ദിവസം മരണപ്പെട്ട് ഡ്രൈവര്‍ സീറ്റിലിരിക്കുന്ന അദ്ദേഹത്തിന്‍റെ ചിത്രം എക്‌സില്‍ വൈറലായിരുന്നു. മുഖ്യന്ത്രി സ്റ്റാലിന്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് തന്‍റെ വാളില്‍ അത് പോസ്‌റ്റുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്‍റെ ധീരതക്ക് മുന്നില്‍ സല്യൂട്ടടിക്കുകയാണ് സോഷ്യല്‍ മീഡിയ. തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തു.