ഷിരൂര്‍ (കാര്‍വാര്‍): അപകടത്തിന്‍റെ ഒമ്പതാം ദിവസം അര്‍ജുന്‍റെ ലോറി കണ്ടെത്തിയതായി ഉത്തര കര്‍ണ്ണാടക പോലീസ് മേധാവി സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ നടന്ന തിരച്ചിലിനൊടുവിലാണ് പുഴയില്‍ നിന്ന് 40 മീറ്റര്‍ അകലെയായി ലോറി കണ്ടെത്തിയത്. ലോറി കണ്ടെത്തിയ ഉടനെ നാവിക സേന സ്‌പോട്ടിലേക്ക് മൂന്ന് ബോട്ടുകളിലായി നീങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കും കാലാവസ്ഥ പ്രതികൂലവും കാരണം തിരിച്ച് വരുകയായിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തത് കാരണം ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് നാവിക സേനയും കരസേനയും മടങ്ങി.
നാളെ അതിരാവിലെ ലോറിയുള്ള സ്‌പോട്ടിലേക്ക് നാവിക സേന തിരിക്കും. ലോറിയെ ലോക്ക് ചെയത് ശേഷം അര്‍ജുന്‍റെ സാന്നിധ്യം ട്രക്കിനകത്തുണ്ടോയെന്ന് പരിശോധിക്കും. ലോറിയല്ല അര്‍ജുനാണ് ലക്ഷ്യമെന്നും ഉത്തര കര്‍ണ്ണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്കിട്ട് ഉറപ്പിച്ച ലോറിയെ പിന്നീട് ക്രയിനുപയോഗിച്ച് ഉര്‍ത്താനാണ് ശ്രമം. നാളേക്ക് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസും സൈന്യവും.
കേരളത്തില്‍ നിന്ന് എ. കെ. എം. അഷ്‌റഫ്, ലിന്‍റോ ജോസഫ്, സച്ചിന്‍ ദേവ് എം. എല്‍. എയും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ഇന്ന് തന്നെ ലോറി ഉയര്‍ത്താനായിരുന്നു ആദ്യ ശ്രമമെങ്കിലും കാലാവസ്ഥയായിരുന്നു പ്രശ്‌നമായത്. രാത്രിയും പ്രവര്‍ത്തനം തുടരുമെന്നായിരുന്നു കാര്‍വാര്‍ എം. എല്‍. എ. അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം നിരുത്തരവാദിത്തപരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ദേവഗൗഡ കര്‍ണ്ണാടക പാര്‍ലമെന്‍റില്‍ പറഞ്ഞു.
ട്രക്ക് കിട്ടിയ സാഹചര്യത്തില്‍ ഇനി അര്‍ജുന്‍ അതിലുണ്ടാവട്ടേയെന്ന പ്രതീക്ഷയിലാണ് കേരളം. അതിനായ് പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്‍റെ സഹോദരി ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് സ്വദേശി അര്‍ജുന്‍ ജൂലൈ 16നായിരുന്നു കര്‍ണ്ണാടകയിലെ ഷിരൂരിനടുത്ത് അപടകത്തില്‍ പെട്ടത്.