വയനാട്: തികച്ചും രാഷ്ട്രീയ പ്രേരിതമായ ചില തീരുമാനങ്ങള്‍ വയനാട് മേപ്പാടി ദുരന്ത പ്രദേശത്ത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണ പ്രതിസന്ധിക്ക് കാരണമായി. ഇന്ന് പ്രഭാത ഭക്ഷണം ലഭിച്ചില്ലെന്ന് ജോലിയിലേര്‍പ്പെട്ടവര്‍ പരാതിപ്പെട്ടു. ആരോപണം ശരിയാണെന്ന് ടി സിദ്ദീഖ് എം. എല്‍. എ. ഉള്‍പ്പെട്ടവര്‍ ശരിവെച്ചു. കഴിഞ്ഞ നാല് ദിവസമായി സൗജന്യ ഭക്ഷണമൊരുക്കിയിരുന്ന വൈറ്റ് ഗാര്‍ഡിന്റെ ഊട്ടുപ്പുര നിര്‍ത്തിവെക്കാന്‍ ഇന്നലെ ഡി. ഐ. ജി. തോംസണ്‍ ജോസ് ഉത്തരവിട്ടിരുന്നു. തതടിസ്ഥാനത്തില്‍ അത് നിര്‍ത്തിവെക്കുകയായിരുന്നു. ഇതായിരുന്നു ഇന്നത്തെ ഭക്ഷണ പ്രതിസന്ധിക്ക് കാരണം.
ഇന്നലെ വൈറ്റ് ഗാര്‍ഡിന്റെ ഊട്ടുപ്പുര നീക്കാന്‍ ഉത്തരവിട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമായിരുന്നു ജനങ്ങള്‍ രേഖപ്പെടുത്തിയത്. നല്ല ക്വാളിറ്റിയുള്ള ഭക്ഷണം ഉറപ്പു വരുത്തുന്നതിനും കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്ത്തിക്കുന്നതിനുമാലാണ് സന്നദ്ധ സംഘടനകളോട് ഭക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ ഇന്ന് രാവിലെ വിതരണം ചെയ്യപ്പെട്ട ഭക്ഷണം ഡേറ്റ് കഴിഞ്ഞതാണെന്നും ആവശ്യക്കാര്‍ക്ക് ഇന്ന് ഭക്ഷണം കിട്ടിയില്ലെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലത്തെ തീരുമാനം മന്ത്രി സഭ മാറ്റുകയായിരുന്നു.
ഇനി സന്നദ്ധ സംഘടനകള്‍ക്ക് വീണ്ടും ദുരന്ത മേഖലയില്‍ ഭക്ഷണമൊരുക്കാമെന്നും പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കയറുമെന്നും മന്ത്രി റിയാസ് അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി 10000 പേര്‍ക്കുള്ള ഭക്ഷണമായിരുന്നു ഊട്ടുപ്പുരയില്‍ പാചകം ചെയ്യപ്പെട്ടിരുന്നത്. കോഴിക്കോട് നരിപ്പറ്റ വൈറ്റ് ഗാര്‍ഡാണ് ഈ ശ്രദ്ധേയമായ സേവനത്തിന് നേതൃത്വം നല്‍കുന്നത്.