പട്ടാമ്പി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പാലക്കാട് സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും വല്ലപ്പുഴ ദാറുന്നജാത്ത അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ കൊടിഞ്ഞി പള്ളിയില്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ എന്ന കെ. പി. സി. തങ്ങള്‍ അന്തരിച്ചു. 70 വയസ്സായിരുന്നു പ്രായം. രോഗബാധിതനായി വീട്ടില്‍ വിശ്രമത്തിലായിരിക്കെയാണ് മരണം.
2012ലാണ് അദ്ദേഹം കേന്ദ്ര മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. പലവിധ മഹല്ലുകളുടെയും ഖാസിയായി അദ്ദേഹം സേവനം ചെയ്യുന്നുണ്ട്. 2001ല്‍ പാലക്കാട് വല്ലപ്പുഴയില്‍ ആരംഭിച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ സഹസ്ഥാപനം ദാറുന്നജാത്ത അറബിക്ക് കോളേജിന്റെ പ്രിന്‍സിപ്പളായി സേവനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം. നീണ്ട കാലയളവിലെ ദര്‍സ്സ പഠനത്തിന് ശേഷം 1975ല്‍ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു 1977ല്‍ ഒന്നാം റാങ്കോടു കൂടെ ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് 25വര്‍ഷക്കാലം വിവിധ ദര്‍സുകളില്‍ അധ്യാപനം നടത്തിയിരുന്നു.
വല്ലപ്പുഴ ദാറുന്നജാത്ത അറബിക് കോളേജിന്‍റെ ചാരെയാണ് അദ്ദേഹത്തിനെ മറവ് ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍, കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.