ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ചിക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണവുമായി യു.എസ്. നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് രംഗത്ത്. അദാനിയുടെ വിദേശത്തുള്ള ഷെല്‍ കമ്പനികളില്‍ മാധവി ബുച്ചിക്കും ഭര്‍ത്താവിനും രഹസ്യ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തല്‍. രേഖകളും പുറത്ത് വിട്ടിട്ടുണ്ട്. മൗറിഷ്യയിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ആരോപണം സെബി ചെയര്‍പേഴ്‌സണ്‍ നിഷേധിച്ചിട്ടുണ്ട്.
ശനിയാഴ്‌ച്ച രാവിലെയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യക്കെതിരെ വന്‍വെളിപ്പെടുത്തലുണ്ടെന്ന് ട്വീറ്റ് ചെയ്‌തിരുന്നത്. രാത്രിയോടെ വ്യക്തമായ രേഖകളോടെയാണ് കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്ത് വന്നത്. വിദേശത്ത് കമ്പനികള്‍ സ്ഥാപിച്ച് ഓഹരിയില്‍ കൃത്രിമം കാട്ടി പെരുപ്പിച്ച് കാണിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് അദാനി ഗ്രൂപ്പിന് നഷ്ടമായത് 12 ലക്ഷം കോടിയിലധികം രൂപയായിരുന്നു.
അന്ന് മാധവി ബുച്ചി അദാനി ഗ്രൂപ്പിന് ക്ലീന്‍ ചീറ്റ് നല്‍കി. 2024 ജൂണില്‍ ഹിന്‍ഡന്‍ ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. സെബി തലപ്പത്തിരിക്കുന്ന ആദ്യ വനിതാ ചെയര്‍പേഴ്‌സനാണ് മാധവി ബുച്ചി.