ഇന്ന് പിറന്ന റെക്കോര്‍ഡുകള്‍
ഇന്ത്യയുടെ ട്വിന്‍റി കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍
ടെസ്റ്റ് പദവിയുള്ള ടീമിന്‍റെ ഏറ്റവും മികച്ച് സ്‌കോര്‍
കൂടുതല്‍ സിക്‌സടിച്ച ഇണിംഗസ് (22)
പവര്‍ പ്ലേയിലെ ഉയര്‍ന്ന് സ്‌കോര്‍ (6 ഓവറില്‍ 82 റണ്‍സ്)
അതിവേഗ സെഞ്ചുറിയും (7.2 ഓവറില്‍) ഡബിള്‍ സെഞ്ചുറിയും (14 ഓവറില്‍)
ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്‍റർ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് സഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള കടന്നാക്രമണമായിരുന്നു. കടുവകളെ തലങ്ങും വിലങ്ങും ആക്രമിച്ചു. സഞ്ജുവും സൂര്യകുമാര്‍ യാദവും തുടങ്ങിവെച്ച ബാറ്റിംഗ് വെടിക്കെട്ട് ഹര്‍ദിക് പാണ്ഡ്യയും പരാഗും റിങ്കുസിംഗും അവസാനിപ്പിക്കുകയായിരുന്നു. ഫലം, ഇന്ത്യയുടെ എക്കാലത്തേയും മികച്ച ട്വന്‍റി സ്കോർ സ്വന്തമാക്കി. അതോടൊപ്പം ഒരുപിടി റെക്കോര്‍ഡുമായാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ +6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബംഗ്ലേദശിന് 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളു. 133 റണ്‍സിൻറെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സ് സ്വന്തമാക്കിയ സഞ്ജു സാംസണ്‍ കളിയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹര്‍ദ്ദിക്ക പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിന് അദ്ദേഹം പരമ്പരയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം തന്നെ അഭിഷേക്കിനെ നഷ്ടമായെങ്കിലും പിന്നീട് സൂര്യയെ കൂട്ടു പിടിച്ച് ആക്രമണം നടത്തുകയായിരുന്നു സഞ്ജു. മറുവശത്ത് അതേ ശൈലിയില്‍ തന്നെ ബാറ്റ് വീശിയ സൂര്യയും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 150 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു. ആദ്യ 50 അടിക്കാന്‍ സഞ്ജുവിന് 30 പന്ത് നേരിടേണ്ടി വന്നെങ്കില്‍ രണ്ടാമത്തെ 50 പിന്നിടാന്‍ വേണ്ടി വന്നത് കേവലം പത്ത് പന്തായിരുന്നു. ഇന്ത്യയുടെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെ സഞ്ജു നേടിയത് 30 റണ്‍സായിരുന്നു. 47 പന്തില്‍ 8 സിക്‌സും 11 ഫോറുമടക്കം 111 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്. 35 പന്തില്‍ 75 റണ്‍സായിരുന്നു സൂര്യ കുമാര്‍ യാദവിന്‍റെ നേട്ടം. അതേ ശൈലിയില്‍ തന്നെ പിന്നീടു വന്ന ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റു വീശിയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറില്‍ ചെറിയൊരു വ്യത്യാസത്തില്‍ അത് നഷ്ടപ്പെടുകയായിരുന്നു. എന്നാലും ടെസ്റ്റ് പദവിയുള്ള ഒരു ടീമിന്‍റെ ട്വന്‍റിയിലെ ഏറ്റവും മികച്ച സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. അയര്‍ലാന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ 2019ല്‍ നേടിയ 278 റണ്‍സിന്‍റെ ചരിത്രമാണ് പഴങ്കഥയായത്.
രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. രവി ബിശ്‌നോയുടെ നേതൃത്വത്തിലുള്ള ബോളിംഗ് നിര ബംഗ്ലാദേശിന് അധിക സ്‌കോര്‍ അനുവദിച്ചില്ല. രവി ബിശ്‌നോയ് 3 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മായങ്ക് രണ്ട് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു. ബംഗ്ലേദശ് നിരയില്‍ ഒരു വശത്ത് വിക്കറ്റ് തെറിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ഒറ്റയാന്‍ ശ്രമം നടത്തുകയായിരുന്നു തൗഹീദ്. അദ്ദേഹം 42 പന്തില് 63 റണ്‍സ് സ്വന്തമാക്കി നോട്ടൗട്ടാവുകയായിരുന്നു. 25 പന്തില്‍ 42 റണ്‍സെടുത്ത് ലിറ്റണ്‍ ദാസിന്‍റെ പ്രകടനവും ഏറക്കുറെ ശ്രദ്ധേയമായിരുന്നു.