വേദനയോടെയല്ലാതെ ഇത് കുറിക്കാനാവില്ല, കണ്ണീരണിയാതെ ആ വീഡിയോകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. പെട്ടിയിലാക്കി പ്രിയപ്പെട്ടവരെ ആറടി മണ്ണിലേക്ക് കൊണ്ട് പോവുമ്പോള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് വിശ്വസിക്കാനാവാതെ നില്‍ക്കുന്ന കൂട്ടുകാര്‍. ഉള്‍ക്കൊള്ളാനാവാതെ വീട്ടുകാര്‍, നാലാളും പോയി ഇനി ഞാന്‍ മാത്രമെന്ന് പറഞ്ഞ് ആര്‍ത്തു കരയുന്ന പ്രിയപ്പെട്ട കൂട്ടൂകാരി അജ്‌ന ഷെറിന്‍. ഈ കണ്ണുനീരുകളെയെല്ലാം എന്ത് പറഞ്ഞ് സമാധാനിപ്പിക്കും. ഇന്നലെ പാലക്കാട് പനയമ്പാടത്ത് നടന്ന അപകടത്തില്‍ മരണപ്പെട്ട നാല് കുരുന്നുകളുടെ അവസാന യാത്രയാക്കുന്ന അവസ്ഥയാണിത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ ദേശീയ പാതയില്‍ കളിര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ആറ് വിദ്യാര്‍ത്ഥികള്‍ അതിദാരുണമായി അപകടത്തില്‍ മരണപ്പെട്ടു പോയത്. ഇപ്പോഴും അപകട നില തരണം ചെയ്യാതെ ആതുരാലയത്തില്‍ കഴിയുന്ന വേറെയും വിദ്യാര്‍ത്ഥികള്‍.
കഴിഞ്ഞ മാസമായിരുന്നു കണ്ണൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് മദ്‌റസ വിദ്യാര്‍ത്ഥി മരണപ്പെട്ടത്. ഇതുപോലെ അറിയാതെ വേറെയും അപകടങ്ങള്‍ ഉണ്ടാവാം.
പ്രിയപ്പെട്ട ഡ്രൈവര്‍മാരോടും ഉദ്യോഗസ്ഥരോടും സ്‌നേഹപൂര്‍വ്വം പറയാനുള്ളത്, ഭാവിയുടെ പ്രതീക്ഷകളാണ് നമ്മുടെ കുരുന്നുകള്‍. നാളെ സമൂഹത്തിനും സമുദായത്തിനും ഉപകരിക്കുന്ന പലരും ആയിത്തീരേണ്ടവര്‍ അതിനപ്പുറം അവരുടെ കുടുംബത്തിന്‍റെ പ്രതീക്ഷകളാണ്. നിങ്ങളുടെ മത്സരയോട്ടത്തിലും ശ്രദ്ധയില്ലായ്മയിലും വരുത്തുന്ന നഷ്ടങ്ങള്‍ നികത്താനാവത്തതാണ്. അമിത ആത്മവിശ്വാസമാവാം ഈ വേഗതയ്ക്ക് പിന്നില്‍. അരുതെന്ന് തന്നെ പറയട്ടേ. യാത്രയ്ക്കിടയില്‍ മദ്യപിക്കുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്യരുത്. നിങ്ങളുടെ കൂടെയുള്ളവരുടെ ജീവന്‍ പോലെ തന്നെ മുന്നില്‍ നടക്കുന്നവരുടെ ജീവനും അതിപ്രധാനമാണെന്ന് മറന്നേക്കരുത്.
സ്‌കൂള്‍-മദ്‌റസ പരിസരമെത്തിയാല്‍ ആരുമില്ലെങ്കില്‍ പോലും വേഗത കുറച്ച് മാത്രം പോവണം. കുട്ടികളാണ്, അവര്‍ ഏത് സമയത്തും റോഡിലേക്ക് കയറിയേക്കാം. അവരെ ശ്രദ്ധിക്കേണ്ടത് നാം തന്നെയാണ്.
നിരന്തരം അപകടമുണ്ടാവുന്നുവെന്ന് പറഞ്ഞ് പരാതിപ്പെട്ടിട്ടും അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാത്ത ഭരണകൂടവും ഈ അപകടത്തില്‍ ഉത്തരവാദികളാണ്. പ്രതിരോധമാണ് ചികിത്സയേക്കാളും നല്ലതെന്ന് പറയേണ്ടതില്ലല്ലോ? 65 അപകടങ്ങള്‍ നടന്ന ഒരു സ്ഥലത്ത് ഇതുവരെ വേണ്ടവിധത്തില്‍ റോഡ് നവീകരണ നടത്തിയില്ലെന്നത് ഗുരുതരമായ വീഴ്ച്ചയാണ്.
ഇനിയും ഇതുപോലുള്ള അപടകങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ എല്ലാവരും ജാഗരൂകരമായി നിന്നേ മതിയാവൂ. വിധി വന്ന ശേഷം കൈ മലര്‍ത്തിയിട്ട് കാര്യമില്ലൈന്ന് ഓര്‍മ്മിപ്പക്കിട്ടേ..
ചീഫ് എഡിറ്റര്‍