കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജില്‍ നടക്കുന്ന എന്‍.സി.സി 21 കേരള ബറ്റാലിയന്‍ ക്യാംപില്‍ ഭക്ഷ്യ വിഷബാധയേറ്റ് 75 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മോശം ഭക്ഷണമാണ് നല്‍കിയതെന്നും ആവശ്യത്തിന് വെള്ളം പോലും നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. നിര്‍ലജീകരണമാണ് കുട്ടികള്‍ക്ക് സംഭവിച്ചതെന്ന് എന്‍.സി.സി 21 ബറ്റാലിയനും പ്രതികരിച്ചു. ഇതേ തുടര്‍ന്ന് ക്യാംപ് അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ആരോഗ്യ നില തരണം ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ഡിസംബര്‍ 20 മുതലാണ് ക്യംപ് ആരംഭിച്ചത്. തിങ്കളാഴ്ച്ച ഉച്ചയൂണിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷീണം അനുഭവപ്പെട്ട് തുടങ്ങിയത്. വയറ് വേദനയും ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനാല്‍ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലും സണ്‍റൈസ് ആശുപത്രിയിലും ബി.ആന്‍ഡ്.ബി ആശുപത്രിയിലുമായാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്.
600ഓളം വിദ്യാര്‍ത്ഥികളാണ് രണ്ട് സ്ഥലത്ത് നടക്കുന്ന ക്യാംപിലുണ്ടായിരുന്നത്. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളടക്കം ക്യാംപിലുണ്ടായിരുന്നതായാണ് വിവരം. സംഭവ സ്ഥലങ്ങള്‍ മഞ്ഞപ്പിത്തം വ്യാപന ഏരിയയാതിനാലും അസുഖത്തില്‍ ചെറിയ ആശങ്കയുണ്ട്. പക്ഷേ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില പേടിക്കാനില്ലെന്നതാണ് ആശ്വാസമാവുന്നത്.