ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 450 യാത്രക്കാരുമായി പോയ ട്രയിന്‍ ബലൂച് തീവ്രവാദികള്‍ തട്ടിയെടുത്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂച് ലിബറേഷന്‍ ആര്‍മി ഉത്തരവാദിത്തം ഏറ്റെടുത്ത് വാര്‍ത്താ കുറിപ്പില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖവയിലെ പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫര്‍ എക്‌സ്പ്രസാണ് ഭീകരരുടെ ഹൈജാക്കിനിരയായത്.
ട്രയിന്‍ ബലൂച് ഏരിയയിലെ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രവിശ്യയില്‍ തുരങ്കത്തിനടുത്തെത്തിയപ്പോള്‍ ബോംബിട്ട് ട്രയിന്‍ നിര്‍ത്തുകയും അതിലുണ്ടായിരുന്നു ആറ് സൈനികരെ വധിച്ച് ട്രയിന്‍ അവരുടെ അധീനതയിലാക്കുകയുമായിരുന്നു. പര്‍വ്വതത്തിനടുത്തെ തുരങ്കത്തിനടുത്താണ് ട്രയിന്‍ നിർത്തിയിട്ടിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ അറിയിച്ചു.
ഇതിനെതിരെ സൈനീക നടപടിക്ക് ഒരുങ്ങിയാല്‍ ബന്ധികളെ മുഴുവനും വധിക്കുമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച തന്‍റെ പ്രസ്താവനയില്‍ അറിയിച്ചു. സംഭവസ്ഥലത്തും ചുറ്റുവട്ടത്തും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രയിന്‍ തട്ടിയെടുക്കാനുള്ള വ്യക്തമായ കാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കാലങ്ങളായി ബലൂചിസ്ഥാന്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാവണമെന്ന് ആവശ്യമുന്നയിക്കുന്ന പാര്‍ട്ടിയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ പാര്‍ട്ടി. സംഭവ സ്ഥലത്തേക്ക് അടിയന്തിര സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സുരക്ഷാ സേനയും. ഏറെ പ്രശ്‌നബാധിത പ്രദേശമായതിനാല്‍ വളരെ ശ്രമകരമായ പ്രവര്‍ത്തനമാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സൈനീക ഉദ്യോഗസ്ഥന്‍ അറിയിച്ചു.