ബെംഗളുരു: കര്‍ണ്ണാടക മുന്‍ ഡിജിപി ഓം പ്രകാശ് തന്‍റെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് ബെംഗളുരു എച്ച് എസ് ആര്‍ ലേഔട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ഭാര്യയെ വിളിച്ച് അറിയിച്ചതോടെയാണ് മരണ വിവരം പുറം ലോകം അറിയുന്നത്. അവരായിരുന്നു പോലീസിനെ വിളിച്ച് കാര്യം അറിയിച്ചത്. കുടുംബ വഴക്കായിരിക്കും കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് വസതയിലെത്തുമ്പോഴേക്കും മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.
2015 മുതല്‍ 17 നരെ കര്‍ണ്ണാടക പോലീസ് മേധാവിയായിരുന്നു ഓം പ്രകാശ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ ഭാര്യക്ക് പുറമെ ബന്ധുക്കള്‍ക്കും പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാവുകയുള്ളു. അസാധാരണമായ കൊലപാതകത്തിനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
1981 കര്‍ണ്ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. എം എസ്സി ബിരുദധാരിയാണ്. ബെള്ളാരിയിലെ ഹാരപ്പനഹള്ളിയില്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് കര്‍ണ്ണാടകയും പല ജില്ലകളിലും എസ്പിയായി. അഗ്നിശമന സേന ഡിഐജി, സിഐഡി വിഭാഗം ഐജി, കുറ്റാന്വേഷണ വിഭാഗം എഡിജിപി തുടങ്ങിയയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹം ഡിജിപിയായി തന്‍റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്.