കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, ടിആര്‍എഫ് കമാന്‍ഡറെ വളഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യം കണ്ണീരോടെ നോക്കിക്കണ്ട പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ. സൈന്യത്തോട് സജ്ജരായിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തില്‍ കടുത്ത തീരുമാനങ്ങളെടുത്തതായാണ് റിപ്പോര്‍ട്ട്. രണ്ടര മണിക്കൂര്‍ നീണ്ട യോഗമായിരുന്നു ഡല്‍ഹിയില്‍ നടന്നത്.
അട്ടാരിയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചു. സിന്ധുനദീ കരാര്‍ റദ്ദാക്കി, പാക്ക് പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു. മുഴുവന്‍ പാക്ക് പൗരന്മാരുടെയും വിസയും റദ്ദാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ വിസ നല്‍കുന്നതായിരിക്കില്ല. ഇന്ത്യയിലുള്ള പാക്ക് നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 55ല്‍ നിന്ന് 33 ആക്കി ചുരുക്കി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചു വിളിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് രാജ്യം തയ്യാറാവുന്നത്.
അതേ സമയം കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ക്കെതിരെ സൈന്യം പോരാട്ടം നടത്തുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ താവളത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസും സിആര്‍പിഎഫും സൈന്യവും കൂടി ഒന്നിച്ച് ഏരിയ വളഞ്ഞിരിക്കുന്നത്. ടിആര്‍എഫ് കമാന്‍ഡര്‍ വലയിലായതാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.