ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. 25 ശതമാനം വര്‍ദ്ധനവ് ഇതിന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു, അതിന് ശേഷമാണ് വീണ്ടും 50 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കപ്പെട്ട തീരുവ പ്രാബല്യത്തില്‍ വരും. ഇത് അന്യായവും യുക്തിരഹിതവുമം നീതീകരിക്കാനാവാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തീക ഭീഷണിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്
റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി തുടരുന്നതിന്‍റെ പശ്ചാതലത്തിലാണ് ട്രംപിന്‍റെ പുതിയ നീക്കം. റഷ്യയും യുഎസും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഇന്ത്യ നല്‍കുന്ന പണമാണ് യുക്രയ്‌നെതിരെ യുദ്ധം ചെയ്യാന്‍ റഷ്യയെ സഹായിക്കുന്നതെന്നാണ് ട്രംപിന്‍റെ വാദം. പക്ഷേ അമേരിക്ക തന്നെ റഷ്യയില്‍ നിന്ന് യുറേനിയം ഹെക്‌സാഫ്‌ളൂറൈഡും യുറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും പലവിധ രാസവസ്തുക്കളും വാങ്ങുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയെ ഇതിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നത് യുക്തിഹീനമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
ഇത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ട്രംപിന്‍റെ ശ്രമമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പക്ഷം. നേരത്തേയും മോദി മൗനം പാലിച്ചതില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെ ഇറക്കുമതിയില്‍ കൂടുതല്‍ തീരുവ ചുമത്തപ്പെട്ട രണ്ടാമത്ത രാജ്യമായി ഇന്ത്യ മാറി. ഇതേ തീരുവയാണ് നിലവില്‍ ബ്രസീലും യുഎസിന് നല്‍കുന്നത്.