തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എംപിയും ഉള്‍പ്പടെ 160 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐസി 2455 എന്ന എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ. സാങ്കേതിക തകരാറും റഡാറുമായി ബന്ധം വിച്ചേദിച്ചതും കാരണമാണ് അടിയന്തിര ലാന്‍ഡിംഗ് ചെയ്തതെന്ന് എയിര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. എംപിമാരടങ്ങുന്ന യാത്രക്കാരോട് ഖേദം അറിയിച്ച് എയര്‍ ഇന്ത്യ ബദല്‍ സംവിധാം ചെയ്ത് കൊടുത്തു.
തിരുവനന്തപുരത്ത് നിന്ന് രാത്രി 7.15ന് പുറപ്പെടേണ്ട വിമാനം അര മണിക്കൂര്‍ കഴിഞ്ഞായിരുന്നു പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം അടിയന്തിര ലാന്‍ഡിംഗിലേക്ക് നീങ്ങുന്നുവെന്ന് പൈലറ്റിന്‍റെ പ്രഖ്യാപനം വന്നു. രണ്ടു മണിക്കൂറോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. ഇന്ധനം തീരാറായി എന്ന് ഉറപ്പുവരുത്തിയ ശേഷം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗിനറങ്ങാന്‍ ശ്രമിച്ചപ്പോള്‍ റണ്‍വേയില്‍ മറ്റൊരു വിമാനം കാരണം വീണ്ടും പ്രതിസന്ധി നേരിട്ടു. അര മണിക്കൂറോളം വീണ്ടും വട്ടമിട്ട് പറന്ന വിമാനം പൈലറ്റിന്‍റെ കൃത്യമായ ഇടപെടലില്‍ പ്രയാസങ്ങളില്ലാതെ അവസാനം ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, കെ രാധാകൃഷ്ണന്‍, തിരുനെല്‍വേലി എം പി റോബര്‍ട്ട് ബ്രൂസ് എന്നീ എംപിമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അടിയന്തിര ലാന്‍ഡിംഗ് ചെയ്തയുടനെ പൈലറ്റ് വെങ്കിടേഷിനെ പുകഴ്ത്തി ഞങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് അടൂര്‍ പ്രകാശ് എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ലോക്‌സഭാ സമ്മേളനത്തിന് വേണ്ടിയായിരുന്നു എംപിമാര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. എല്ലാ യാത്രക്കാര്‍ക്കും ബദല്‍ സംവിധാനവും എയര്‍ ഇന്ത്യ ചെയ്ത് കൊടുത്തു. അന്വേഷണം ആവശ്യപ്പെട്ട് എംപിമാര്‍ എയര്‍ ഇന്ത്യയെ ബന്ധിപ്പെട്ടിട്ടുണ്ട്.