ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പുതിയ വിവാദ ബില്ല് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമാവുന്നതാണ് ബില്ല്. ബില്ല് അവതരിപ്പിച്ച ഉടനെ തന്നെ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു പ്രതിഷേധവുമായി ആദ്യം വന്നത്, തുടര്‍ന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സഭാ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിവരെ നിര്‍ത്തിവെച്ചു. ബില്ല് സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്.
ബില്ല് അവതരിപ്പിച്ചയുടനെ തിരികെ ശക്തമായ ചോദ്യശരങ്ങളായിരുന്നു അമിത്ഷായ്ക്ക് നേരിടേണ്ടി വന്നത്. അമിത് ഷാ തന്നെ അറസ്റ്റിലാക്കപ്പെട്ടയാളാണെന്നും അത് കൊണ്ട് താങ്കളാണ് ആദ്യം രാജിവെക്കേണ്ടതന്നെും കെസി വേണുഗോപാല്‍ എം പി പാര്‍ലമെന്‍റില്‍ പറഞ്ഞു. തന്നെ കുറ്റ വിമുക്തനാക്കുന്നത് വരെ താന്‍ തല്‍സ്ഥാനത്ത് തുടര്‍ന്നില്ലെന്നായിരുന്നു അമിത്ഷായുടെ മറുപടി
ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണെന്നും പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ശ്രമമുണ്ടായാല്‍ അയാളെ കേസില്‍ കുടുക്കി 30 ദിവസത്തെ അറസ്റ്റും ചെയ്യിപ്പിച്ച് മന്ത്രി സ്ഥാനം നീക്കാനാള്ള നീക്കം നടത്തും. ഇത് നിര്‍ഭാഗ്യകരമായ ബില്ലാണെന്നും പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റിനെ അറിയിച്ചു.
പ്രധാനമന്ത്രിയെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്നും അത് ആര് ചെയ്യുമെന്നുമായിരുന്നു അസദുദ്ദീന്‍ ഉവൈസി ചോദിച്ചത്. അധികാരം എല്ലാ കാലത്തും തുടരാനാവില്ലെന്ന് ബിജെപി ഓര്‍ക്കണമെന്നും അദ്ദേഹം സുചിപ്പിച്ചു
അതേ സമയം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും രവ്‌നീത് ബിട്ടുവും വനിതാ എംപിമരെ ആക്രമിച്ചെന്നും അവര്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും തൃണമൂല്‍ എംപിമാര്‍ പറഞ്ഞു. വിവാദ ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന നേരത്ത് പ്രതിഷേധിച്ചതിനാണ് വനിതാ എംപിമാരെ ആക്രമിച്ചത്. തൃണമൂലിന്‍റെ ശതാബ്ദി റോയിയും മിതാലിയുമാണ ഇവരുടെ ആക്രമണത്തിന് ഇരയായത്. അത് കൊണ്ട് മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനും തൃണമൂല്‍ എംപിയുമായ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.