ന്യഡല്‍ഹി : കർണാടകയിലെ വിവിധ ജില്ലകളിൽ നടത്തിയ ഇന്ധന പരിശോധനകളിൽ ഇ20 പെട്രോളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ എഥനോൾ അടങ്ങിയതായി കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഇ20’ പദ്ധതിയെ വഞ്ചനയെ സൂചിപ്പിക്കുന്ന ‘420’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജനങ്ങളുടെ വാഹനങ്ങളിൽനിന്ന് ഇന്ധനം കവർച്ച ചെയ്യപ്പെടുകയാണെന്ന് തുറന്നടിച്ചു. അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനകളിൽ സർക്കാർ-സ്വകാര്യ എണ്ണക്കമ്പനികളുടെ പെട്രോളിൽ 30 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നയങ്ങൾ ആർക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് ചോദിച്ച് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്.
കർണാടക സർക്കാർ ഏഴ് ജില്ലകളിൽ നിന്നായി ശേഖരിച്ച 14 പെട്രോൾ സാമ്പിളുകളിൽ 11 എണ്ണത്തിലും നിശ്ചിത പരിധിയായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ (IOCL) സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ (HPCL) സാമ്പിളിൽ 30.5 ശതമാനവും എഥനോളാണ് കണ്ടെത്തിയത്. ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്കു പുറമെ നയാര, ഷെൽ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഇന്ധന സാമ്പിളുകളിലും ഗുരുതരമായ തോതിൽ പരിധി ലംഘനം ഉണ്ടായതായി അദ്ദേഹം ആരോപിച്ചു. കമ്പനികളുടെ ആഭ്യന്തര ലാബ് റിപ്പോർട്ടുകളിൽ എഥനോളിന്‍റെ യഥാർത്ഥ അളവ് മറച്ചുവെച്ചതും അദ്ദേഹം ചോദ്യം ചെയ്തു.
സാധാരണക്കാർ വലിയ തുക നൽകി വാങ്ങുന്ന പെട്രോളിൽ വ്യാപകമായി എഥനോൾ ചേർക്കുന്നത് ഉപഭോക്താക്കൾക്ക് ഇരട്ട പ്രഹരമാണ് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ഇത്രയും ഉയർന്ന അളവിലുള്ള എഥനോൾ ഇന്ധനം ഉപയോഗിക്കാൻ ശേഷിയില്ലാത്ത സാധാരണ വാഹനങ്ങൾക്ക് ഇത് കടുത്ത എൻജിൻ തകരാറുകൾ വരുത്തിവെക്കും. ഇത് വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയ്ക്കുകയും പതിവായി ഭീമമായ സർവീസിങ് ചെലവുകൾ വരുത്തിവെക്കുകയും ചെയ്യും. പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിലെ എഥനോളിന്‍റെ അളവ് വ്യക്തമാക്കുന്ന ലേബലിംഗ് സംവിധാനങ്ങൾ ഇല്ലാത്തതിലൂടെ സാധാരണക്കാരുടെ ഉപഭോക്തൃ അവകാശങ്ങളും വിവരങ്ങൾ അറിയാനുള്ള സ്വാതന്ത്ര്യവുമാണ് ഇല്ലാതാകുന്നതെന്നും രാഹുൽ വിമർശിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു:
- രാജ്യത്തെ ജനങ്ങളുടെ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ യഥാർത്ഥത്തിൽ നിറയ്ക്കുന്നത് എന്താണ്?
- ഇന്ത്യയിൽ വിതരണം ചെയ്യുന്ന പെട്രോളിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ എഥനോൾ അനുപാതം എത്രയാണ്?
- 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർത്ത എണ്ണക്കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുക?
- പെട്രോൾ പമ്പുകളിൽ എഥനോളിന്‍റെ കൃത്യമായ അളവ് രേഖപ്പെടുത്തുന്ന ലേബലുകൾ സ്ഥാപിക്കാത്തത് എന്തുകൊണ്ടാണ്?
- ഈ അമിത എഥനോൾ മിശ്രിതത്തിലൂടെ കൊള്ളലാഭം കൊയ്യുന്നത് ആരെല്ലാമാണ്?
അതേസമയം, കർണാടക സർക്കാരിന്‍റെ കണ്ടെത്തലുകൾ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി.എൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ രംഗത്തെത്തിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇന്ധനം വിതരണം ചെയ്യുന്നതെന്നും എഥനോൾ മിശ്രിത പദ്ധതിയിലൂടെ 2014-15 മുതൽ രാജ്യത്തിന് 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ സാധിച്ചിട്ടുണ്ടെന്നുമാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാൽ സാധാരണക്കാരന്‍റെ പോക്കറ്റടിച്ച് നടത്തുന്ന ഇത്തരം നടപടികൾ ജനവിരുദ്ധമാണെന്ന് ആരോപിച്ച രാഹുൽ, സർക്കാരിന്‍റെ സാമ്പത്തിക-ഇന്ധന നയങ്ങൾ കോർപ്പറേറ്റുകൾക്കാണോ സാധാരണക്കാർക്കാണോ ഗുണം ചെയ്യുന്നതെന്ന കാര്യത്തിൽ പരസ്യ സംവാദത്തിന് പ്രധാനമന്ത്രിയെ വീണ്ടും ക്ഷണിച്ചു.