മുംബൈ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകത്തിനെതിരെ മുംബൈയിൽ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന വിളിച്ചുചേർത്ത വാർത്താസമ്മേളനം വലിയ രാഷ്ട്രീയ വിവാദത്തിലാണ് കലാശിച്ചത്. പുസ്തകത്തിൽ വി.ഡി. സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് പുസ്തകം നിരോധിക്കണമെന്നും വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശിവസേനാ നേതാക്കളായ ഷൈന എൻ.സി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ എന്നിവർ മാധ്യമങ്ങളെ കണ്ടത്. എന്നാൽ പ്രതിഷേധ സൂചകമായി പുസ്തകത്തിന്റെ പേജുകൾ ക്യാമറകൾക്ക് മുന്നിൽ കീറിയെറിയുന്നതിനിടെ, ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം പതിപ്പിച്ച പേപ്പർ ഷൈന എൻ.സിയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ കീറിപ്പോവുകയായിരുന്നു. 2004-ൽ മണിശങ്കർ അയ്യർക്കെതിരെ നടന്ന പ്രതിഷേധത്തിൽ ബാൽ താക്കറെ പങ്കെടുക്കുന്ന പഴയ ചിത്രത്തിന്റെ പ്രിന്റാണ് അബദ്ധത്തിൽ കീറിയത്. ഒപ്പമുണ്ടായിരുന്ന നേതാക്കൾ ഉടൻ തന്നെ ഇത് ചൂണ്ടിക്കാണിച്ചതോടെ, ‘സോറി’ എന്ന് പറഞ്ഞ് കീറിയ പേപ്പർ മറ്റ് പേപ്പറുകൾക്കിടയിലേക്ക് തിരക്കിട്ട് ഒളിപ്പിക്കാൻ അവർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞു.
ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ എതിർകക്ഷികൾക്ക് വലിയ രാഷ്ട്രീയ ആയുധമായി മാറി. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യു.ബി.ടി), മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്), കോൺഗ്രസ് എന്നീ പാർട്ടികൾ ഷിൻഡെ വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ബാൽ താക്കറെയെ അപമാനിച്ച നടപടി മഹാരാഷ്ട്രയുടെ അഭിമാനത്തിനും ലക്ഷക്കണക്കിന് ശിവസൈനികരുടെ വികാരത്തിനും മുറിവേൽപ്പിക്കുന്നതാണെന്ന് കോൺഗ്രസ് എം.പി വർഷ ഗെയ്ക്വാദ് കുറ്റപ്പെടുത്തി. സംഭവത്തിൽ മാപ്പ് പറയണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് നാനാ പടോലെ ആവശ്യപ്പെട്ടു. ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്തും ഷിൻഡെ വിഭാഗത്തിനെതിരെ ആഞ്ഞടിച്ചു. ഇതിന് പിന്നാലെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ആസ്ഥാനത്തെ മേയറുടെ ഓഫീസിന് പുറത്ത് ഉദ്ധവ് വിഭാഗം കോർപ്പറേറ്റർമാർ പ്രതിഷേധ പ്രകടനവും നടത്തി.
വിവാദം കടുത്തതോടെ ആരോപണങ്ങൾ നിഷേധിച്ച് ഷൈന എൻ.സി രംഗത്തെത്തി. താൻ ബാൽ താക്കറെയുടെ ചിത്രമല്ല കീറിയതെന്നും, 2004-ലെ പ്രതിഷേധ ചിത്രത്തിൽ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരുടെ കോലം കത്തിക്കുന്ന ഭാഗമാണ് കീറിയതെന്നും കീറിയ പേപ്പറിന്റെ ക്ലോസപ്പ് ചിത്രം പങ്കുവെച്ചുകൊണ്ട് അവർ വിശദീകരിച്ചു. വ്യാജപ്രചാരണം നടത്തുന്ന എതിരാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഷൈന എൻ.സിയെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും രംഗത്തെത്തി. തങ്ങൾക്ക് ബാലാസാഹെബ് താക്കറെ ദൈവതുല്യനാണെന്നും, സംഭവിച്ച തെറ്റിദ്ധാരണ സംബന്ധിച്ച് ഷൈന ഇതിനോടകം തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.