റിയാദ്: ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഉമ്മ മകനെ കണ്ടു മുട്ടി. 18 വര്‍ഷത്തിന്‍റെ നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കാടാമ്പുഴ സ്വദേശി അബ്ദുറഹീമിനെ റിയാദ് ജയിലില്‍ ഉമ്മ ഫാത്വിമ കണ്ടു മുട്ടുന്നത്. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഉംറ നിര്‍വ്വഹിച്ച ശേഷമായിരുന്നു അല്‍ ഇസ്‌ക്കാന്‍ ജയിലിലെത്തി മകനെ കണ്ടുമുട്ടിയത്.
കഴിഞ്ഞ ദിവസം റിയാദ് ജയിലില്‍ എത്തിയിരുന്നെങ്കിലും ഫാത്വിമയ്ക്ക് മകനെ കാണാന്‍ സാധിച്ചിരുന്നില്ല. നാല് ദിവസം മുമ്പ് ഫാത്വിമയം സഹോദരന്‍ നസീറും ജയിലിലെത്തിയിരുന്നെങ്കിലും അന്ന് അബ്ദുറഹീം കൂടിക്കാഴ്ച്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു. മാനസീകമായ ദു:ഖമാവാം വിസമ്മതത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
അബ്ദുറഹീമിന്‍റെ മോചനത്തിനാണ് ഉമ്മയും നാടും കാത്തിരിക്കുന്നത്. നടപടി ക്രമങ്ങളൊക്കെ നടക്കുന്നുണ്ട്, അധികം വൈകാതെ മോചനത്തിന്‍റെ കാര്യത്തില്‍ അന്തിമ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.