റിയാദ്: 20 വര്‍ഷത്തോളമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ തുടരുന്നു. ഏറെ പ്രതീക്ഷ നല്‍കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കീഴ്‌കോടതി വിധിച്ച 20 വര്‍ഷത്തെ ജയില്‍ വാസം സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയായിരുന്നു കീഴ്‌കോടതി വിധി ശരിവെച്ചത്. ഇതോടെ അടുത്ത വര്‍ഷം 20 വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കുന്ന അബ്ദുല്‍ റഹീമിന് ഏത് സമയവും മോചനമുണ്ടായേക്കും
മെയ് 26ന് 20 വര്‍ഷത്തെ വിധി ആദ്യമായി പുറപ്പെടീച്ച ക്രിമിനല്‍ കോടതിയുടെ ഉത്തരവ് ജൂലൈ 9ന് അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. ഈ വിധിക്കെതിരെയായിരുന്നു പ്രൊസിക്യൂഷന്‍ പുതിയ ഹരജി സമര്‍പ്പിച്ചത്. ഈ ഹരജിക്കെതിരെ അബ്ദുല്‍ റഹീമിന്‍റെ അഭിഭാഷകരും സുപ്രീം കോടതിയെ സമീപ്പിച്ചിരുന്നു.
അബ്ദുല്‍ റഹീമിന് വേണ്ടി സുപ്രീം കോടതിയില്‍ രംഗത്തുണ്ടായത് അഭിഭാഷകരായ അഡ്വ. റെനയും അബൂഫൈസലും അദ്ദേഹത്തിന്‍റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരുമാണ്. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും അടുത്ത വര്‍ഷം ഏത് സമയത്തും അബ്ദുല്‍ റഹീമിന്‍റെ മോചനം നടന്നേക്കുമെന്ന് നിയമസഹായ സമിതി അംഗങ്ങള്‍ പറഞ്ഞു.