ആലപ്പുഴ: ചേതനയറ്റ് കിടക്കുന്ന അഞ്ച് ശരീരങ്ങള്‍, കണ്ണീരോടെ നാടും നാട്ടുകാരും കൂട്ടുകാരും, വിശ്വസിക്കാനാവാതെ മാതാപിതാക്കള്‍. സിനിമ കാണാനായി ഇറങ്ങിയതാണ് പക്ഷേ തിരിച്ച് വന്നത് വെള്ള പുതച്ചായിരുന്നു. രണ്ട് മാസം മുമ്പാണ് ഇവര്‍ എം.ബി.ബി.എസ്. പഠനത്തിനായ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയത്.
ആലപ്പുഴയിലെ ദേശീയ പാതയില്‍ കളിര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭൗതീക ശരീരം പൊതു ദര്‍ശനത്തിന് വെച്ചു. ആയിരങ്ങള്‍ അന്ത്യപോചാരം അര്‍പ്പിക്കാന്‍ കോളേജിനു മുന്നിലെത്തി. കണ്ണീരോടെ സുഹൃത്തുക്കള്‍ അവരെ യാത്രയാക്കി. പൊതു ദര്‍ശനമവസാനിപ്പിച്ച് വൈകുന്നേരത്തോടെ പ്രത്യേകം സജ്ജീകരിക്കപ്പെട്ട അഞ്ച് ആംബുലന്‍സുകളില്‍ അവരുടെ ഭൗതീക ശരീരം യാത്രയാക്കി.
ഇന്നലെ രാത്രി 9.20നാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പെട്ടത് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണെന്നറിഞ്ഞയുടനെ കോളേജിലെ വിദ്യാര്‍ത്ഥികളൊക്കെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിയെത്തി. അവരാവാതിരിക്കട്ടെ എന്ന് അവര്‍ അവസാനം വരെ പ്രാര്‍ത്ഥിച്ചു. മോര്‍ച്ചറിയിലെത്തി ഭൗതീക ശരീരം കണ്ട് തിരിച്ചറിഞ്ഞപ്പോഴായിരുന്നു പെട്ടത് കൂട്ടുകാരാണെന്ന് ഉറപ്പിച്ചത്.
സംഭവ സ്ഥലത്തേക്ക് രാവിലെ തന്നെ കലക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി.പ്രസാദ് എന്നിവര്‍ എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി. മരണപ്പെട്ടവരില്‍ ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്‍റെ ഭൗതീക ശരീരം ഒഴികെ ബാക്കിയെല്ലാവരെയും അവരുടെ നാട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ട് പോവുകയായിരുന്നു. 98 ശതമാനം മാര്‍ക്കോടെ ഒരു നാടിന്‍റെ പ്രതീക്ഷയായി വന്ന ഇബ്രാഹീമിന് നാട്ടിലേക്ക് പോലും തിരിച്ച് പോവാനാവാതെ എറണാകുള സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കുകയായിരുന്നു.
മരിച്ച മറ്റു നാലു പേര്‍ പാലക്കാട് ശേഖരീപുരം ശ്രീദേവ് വല്‍സന്‍, കോട്ടയം ചെന്നാട് ആയുഷ് ഷാജി, കണ്ണൂര്‍ വെങ്ങര മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, മലപ്പുറ കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍ എന്നിവരാണ്.
കാറിലുണ്ടായിരുന്ന മറ്റു ആറുപേര്‍ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. നല്ല മഴയുള്ള രാത്രിയായതിനാല്‍ റോഡില്‍ വാഹനം തെന്നിയതാവാനാണ് അപകട കാരണമെന്ന് പ്രാഥമിക സൂചന.