തിരുവനന്തപുരം: ചരിത്രം തിരുത്തി താരസംഘടന അമ്മയുടെ തെരെഞ്ഞെടുപ്പ്. ഇന്ന് നടന്ന ജനറല്‍ ബോഡിയില്‍ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍ തെരെഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവ്പാല്‍ ട്രഷററായും സ്ഥാനാരോഹിതരായി. വൈസ് പ്രസിഡണ്ടായി ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയും ജോയിന്‍ സെക്രട്ടറിയായി അന്‍സിബയും തെരെഞ്ഞെടുക്കപ്പെട്ടു. 504 അംഗങ്ങളില്‍ 298 പേരാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്
പ്രസിഡണ്ട് സ്ഥാനത്തേക്ക് ദേവനും ശ്വേതാമേനോനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കുവും. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരത്തില്‍ നാസര്‍ ലത്തീഫുമുണ്ടായിരുന്നു. ജോയിന്‍ സെക്രട്ടറി എതിരില്ലാതെ അന്‍സിബ തെരെഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനും ഉണ്ണി ശിവ്പാലുമായിരുന്നു ട്രഷറര്‍ സ്ഥാനേത്തക്കുള്ള സ്ഥാനാര്‍ത്ഥികള്‍
ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ ബോഡി നടത്തുകയെന്നത് വളരെ പ്രയാസമാണെന്നും എന്നാലും 298 പേര്‍ വന്നത് അത്ഭുതപ്പെടുത്തിയെന്നും നിയുക്ത പ്രസിഡണ്ട് ശ്വേത മേനോന്‍ പറഞ്ഞു. സംഘടനയുടെ ചുമതല വലിയൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. എന്‍റെ ഒറ്റയാന്‍ തീരുമാനങ്ങള്‍ സംഘടനയില്‍ നടപ്പാക്കില്ല മറിച്ച് എല്ലാവരുടെയും കൂട്ടമായി തീരുമാനമാവും അമ്മയിലുണ്ടാവുക. ഇതുവരെയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിക്കും. ഒരു മേശക്ക് ചുറ്റുമിരുന്ന സംസാരിക്കണ്ട വിഷയങ്ങളേ നിലവിലുള്ളു. വിട്ടുപോയവരെ ചേര്‍ത്ത് പിടിച്ച് അമ്മയിലെത്തിക്കും. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ഞങ്ങളുടെ രക്ഷാധികാരികളാണ്. അവരുടെ അഭിപ്രായവും ഉപദേശവും തേടിയായിരിക്കും ഇനിയുള്ള പ്രവര്‍ത്തനമെന്നും ശ്വേത വിശദീകരിച്ചു.