ഇന്ത്യയുടെ ഒമ്പതാം ഏഷ്യന്‍ കിരീടം
തിലക് വര്‍മ്മയ്ക്ക് അര്‍ദ്ധശതകം
ദുബായ്: സാധാരണയില്‍ നിന്ന വിഭിന്നമായി രാഷ്ട്രീയ ഇടപെടലുകളില്‍ ശ്രദ്ധേയമായ ഏഷ്യന്‍ ക്രിക്കറ്റ് കപ്പില്‍ അവസാനം ഇന്ത്യ തന്നെ മുത്തമിട്ടു. ഈ ടൂര്‍ണമെന്‍റില്‍ മൂന്നാം പ്രാവശ്യമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഒരിക്കല്‍ പോലും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായില്ലെന്നതും ഇന്ത്യയുടെ വിജയത്തെ സ്വപ്‌ന തുല്യമാക്കുന്നു. അവസാന ഓവര്‍ വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റില്‍ ആദ്യ കളി കളിക്കുന്ന റിങ്കു സിംഗ് നേരിട്ട ഒരേ ഒരു പന്ത് ഇന്ത്യന്‍ വിജയ റണ്ണായിരുന്നുവെന്നതും ഈ വിജയത്തെ വിചിത്രമാക്കുന്നു
തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക് താങ്ങായത് തിലക് വര്‍മ്മയുടെ ഇണിംഗ്‌സായിരുന്നു. പുറത്താവാതെ 53 പന്തില്‍ 69 റണ്‍സ് സ്വന്തമാക്കിയ തിലക് വര്‍മ്മ തന്‍റെ കരിയറിലെ നാലാമത്തെ അര്‍ദ്ധ ശതകവും കൂടി സ്വന്തമാക്കി. പവര്‍ പ്ലേ അവസാനിക്കുമ്പോഴേക്ക് ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകളായിരുന്നു. സ്കോർബോർഡില്‍ 36ല്‍ മൂന്ന്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും, ശുഭ്മാന്‍ ഗില്ലും, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ആദ്യം പുറത്തായത്. പിന്നീട് തിലകിന് കൂട്ടായത് സഞ്ജുവിന്‍റെ ഇന്നിംഗ്‌സായിരുന്നു. 21 പന്തില്‍ 34 റണ്‍സെടുത്ത് സഞ്ജു പുറത്തായി. തുടർന്ന് വന്ന ശിവം ദുബായും തിലകും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിനടടുത്തെത്തിക്കുന്നത്. 19ാം ഓവറിന്‍റെ അവസാന പന്തില്‍ ദുബെ പുറത്താവുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് കേവലം 10 റണ്‍സ് മാത്രമായിരുന്നു. 22 പന്തില്‍ 33 റണ്‍സായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പാക്കിസ്ഥാന് വേണ്ടി ഫഹിം അഷ്‌റഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി
ഒരു നിമിഷം ഇരുനൂറും മറികടന്ന് പാക്കിസ്ഥാന്‍ കുതിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ഇന്ത്യയെ രക്ഷിച്ചത് കുല്‍ദീപ് യാദവ് നേതൃത്വം നല്‍കുന്ന സ്പിന്നര്‍മാരായിരുന്നു. പത്ത് ഓവര്‍ കഴിയുമ്പോഴേക്കും ഒരു വിക്കറ്റും നഷ്ടപ്പെടാതെ നൂറ് റണ്‍ കടന്ന പാക്കിസ്ഥാനെ പിന്നീട് 46 റണ്‍സ് എടുക്കുമ്പോഴേക്കും പത്ത് പേരേയും ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചയച്ചത് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവായിരുന്നു. കുല്‍ദീപ് യാദവ് നാല് വിക്കറ്റും അക്‌സറും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
പാക്കിസ്ഥാന് വേണ്ടി സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു ഓപ്പണര്‍മാരായ സാഹിബ് സാദാ ഫര്‍ഹാനും ഫഖര്‍ സമാനും സമ്മാനിച്ചത്. 38 പന്തില്‍ 57 റണ്‍സായിരുന്നു ഫര്‍ഹാന്‍റെ സമ്പാദ്യം മറുവശത്ത് 35 പന്തില്‍ 46 റണ്‍സായിരുന്നു ഫഖര്‍ സമാന്‍ സ്വന്തമാക്കിയത്. ഈ കൂട്ടുകെട്ട് 10ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു പൊളിച്ചത്. പിന്നീട് വന്നവര്‍ക്കാര്‍ക്കും പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. പാക്കിസ്ഥാന്‍റെ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ സംപൂജ്യരായി മടങ്ങി. മൂന്ന് പേര്‍ക്ക് മാത്രമേ രണ്ടക്കം തികയ്ക്കാനും കഴിഞ്ഞുള്ളു