ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കിയ ഹരജിയില്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ത്തിപ്പൊരിച്ച് അഭിഭാഷകര്‍. പൗരത്വം തെളിയിക്കാനുള്ള ബാധ്യത ഇലക്ഷന്‍ കമ്മീഷനുള്ളതല്ല അത് സര്‍ക്കാരിന്‍റേതാണെന്നും ആ അധികാരിത്തില്‍ കടന്നു കയറ്റം നിയമ വിരുദ്ധമാണെന്നും ഹരജിക്കാര്‍ വാദിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്ര്, ജോയമല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച ഹരജിയിലാണ് വാദം കേള്‍ക്കുന്നത്. ഹരജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബലിന്‍റെ നേതൃത്വത്തിലുള്ള അഭിഭാഷകരായിരുന്നു വാദത്തിനെത്തിയത്.
ഇലക്ഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുതിയ പരിഷ്ക്കരണമനുസരിച്ച് 65 ലക്ഷം വോട്ടര്‍മാരണ് പുറത്താവുന്നത്. ഇവര്‍ക്ക് മുമ്പാകെ ഇലക്ഷന്‍ കമ്മിഷന്‍ വെച്ച രേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവയാണ്. ഇത് വളരെ കുറച്ച് ആളുകളുടെ കയ്യിലേയുള്ളു. ആധാറും റേഷന്‍ കാര്‍ഡും ഐഡി കാര്‍ഡ് പോലും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നില്ല. 2003ലെ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ചെയ്യാനായി ഒരു ഫോമാണ് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്നത്, പക്ഷേ സാധാരണക്കാര്‍ക്ക് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത്ര സുപരിചിതവുമല്ല.
തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കനുസരിച്ച് 7.9 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 7.24 കോടി വോട്ടര്‍മാര്‍ ഫോമുകള്‍ സമര്‍പ്പിച്ചു. 22 ലക്ഷം പേര്‍ മരിച്ചിട്ടുണ്ട്, 36 ലക്ഷം പേര്‍ സ്ഥലം മാറിയും പോയി. ഈ കണക്കുകള്‍ക്കൊന്നും തെളിവില്ലെന്നാണ് ആര്‍ ജെ ഡിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറയുന്നത്. കരട് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടിലെന്നും. ഇവര്‍ മരിച്ചുവെന്നോ കുടിയേറ്റക്കാരാണോ എന്നോ വിവരമില്ലെന്നും ഇതിന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമായ ഉത്തരം തരണമെന്നും മറ്റൊരു ഹരജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
2003 മുതല്‍ 2025വരെയുള്ള കാലയളവില്‍ നടന്ന പത്തോളം ഇലക്ഷനുകളില്‍ വോട്ടു ചെയ്ത വോട്ടര്‍മാരെ പൗരത്വമുള്ളവരായി പരിഗണിക്കുക തന്നെ വേണം. വോട്ടര്‍ പട്ടിക പരിഷ്‌കരണം 3 മാസം മുമ്പ് ഇത്തരം രേഖകള്‍ സമര്‍പ്പിച്ചല്ല ചെയ്യേണ്ടതെന്നും അത് സുതാര്യമായ പ്രക്രിയകളിലൂടെ ചെയ്യണമെന്നും അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി വാദിച്ചു. ഈ വോട്ടര്‍മാര്‍ പൗരന്മാരല്ലെന്ന തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഹാജരാക്കണം അല്ലാത്ത കാലത്തോളം ഇവര്‍ പൗരന്മാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള ഹരജികളില്‍ സുപ്രിം കോടതി ഇന്നും വാദം കേള്‍ക്കും. നിയമ വിരുദ്ധമെന്ന് തെളിയിക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം താത്ക്കാലികമായി മാറ്റിവെയ്‌ച്ചേക്കും.