ലോസ് ആഞ്ചലാസ്: ആറു ദിനങ്ങളായി വെന്തുരുകുകയാണ് കാലിഫോര്‍ണിയ. ലോസ് ആഞ്ചലാസില്‍ നിന്ന് തുടങ്ങിയ പാലിസേയ്ഡ്‌സിലും ഏയ്റ്റണിലുമായി 40000 ഏക്കറാണ് ഇതുവരെ കത്തിയെരിഞ്ഞത്. ഇനിയും തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നതാണ് കാലിഫോര്‍ണിയയെ ഭയപ്പെടുത്തുന്നത്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന സാന്‍റ അന സമ്മര്‍ കാറ്റ് തീയെ ഇനിയും പല ദിക്കിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. തീ അണയ്ക്കാന്‍ ചെല്ലുന്ന ഹെലികോപ്റ്ററിന് പോലും ചെന്നത്താന്‍ പറ്റാത്ത രൂപത്തിലാണ് കാറ്റടിച്ചു വീശുന്നത്. ഇതുവരെ 24 മരണം റിപ്പോര്‍ട്ട് ചെയ്തു.
ലോസ് ആഞ്ചലാസില്‍ മാത്രം 13 ദശലക്ഷം പേരെ തീ ബാധിച്ചിട്ടുണ്ട്. ഇതുവരെ 89000 പേരെ മാറ്റിപാര്‍പ്പിച്ചു. പലരും വീട് വിട്ട് പലായനം ചെയ്തു. ആഡംബര വീടുകളുള്‍പ്പടെ 12300 കെട്ടിടങ്ങള്‍ കത്തിനശിച്ചു. പാലിയേഡ്‌സിലാണ് തീ ക്രൂമായ നാശം വിതച്ചത്. 23713 ഏക്കര്‍ പ്രദേശങ്ങളാണ് ഇവിടെ കത്തിയെരിഞ്ഞത്. ഇവിടെ ഇപ്പോഴും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നത് ഭീതിപ്പെടുത്തുന്നുണ്ട്. ഏയ്റ്റണില്‍ 14117 ഏക്കറും ഹര്‍സ്റ്റില്‍ 799 ഏക്കറും കത്തിനശിച്ചു. മുഴുവനായും ഇവിടെയും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
കാലിഫോര്‍ണിയയില്‍ തീ നാശം വിതയ്ക്കുന്നത് ഇതാദ്യമായിട്ടല്ല, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ എപ്പോഴും കാട്ടു തീ പടര്‍ന്നേക്കാം. പക്ഷേ ഇത്രയും ഭീകരമായ രൂപത്തില്‍ ഇതാദ്യമാണ്. കഴിഞ്ഞ എട്ടുമാസമായി ലോസ് ആഞ്ചലാസില്‍ മഴ നനഞ്ഞിട്ടില്ല. അതോടൊപ്പം ഈ വർഷം 62.24 റെക്കോര്‍ഡ് ചൂടും രേഖപ്പെടുത്തി. ഇതോടുകൂടെ തുടക്കത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂട പാളിച്ചയുണ്ടായി.
നിലവില്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ ശക്തിയായി തുടരുന്നുണ്ട്. 14000 അഗ്നിരക്ഷാ സേനാംഗങ്ങളും 1354 ഫയര്‍ എന്‍ജിനുകളും ഈ ശ്രമത്തില്‍ സജ്ജരായുണ്ട്. അയല്‍ രാജ്യങ്ങളായ മെക്‌സിക്കോയും കാനഡയും സഹായമെത്തിക്കുന്നുണ്ട്. ഏറെ വൈകാതെ എല്ലാം അണയ്കാക്കാനാവണമെന്ന പ്രാർത്ഥനയിലാണ് കാലിഫോർണിയന്‍ ജനത.