ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ ഉപരാഷ്ട്പതിയായി സിപി രാധാകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 462 വോട്ട് നേടി ഇന്ത്യാ സംഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയും മുന്‍ സുപ്രിം കോടതി ജഡ്ജിയുമായ ബി സുദര്‍ശനെയാണ് പരാജയപ്പെടുത്തിയത്. 767 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ബി സുദര്‍ശന് നേടാനായത് 300 വോട്ടുകളായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിവരെ നീണ്ട് നിന്നു.
ഉപരാഷ്ട്പതി പദവിയില്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തിപരമായ കാരണങ്ങളാലും രാജിവെച്ച ജഗദീപ് ധന്‍കറിന്‍റെ ഒഴിവിലേക്കായിരുന്നു പുതിയ ഉപരാഷ്ട്പതിക്കായ് തെരെഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടനെ അദ്ദേഹത്തെ ഉപരാഷ്ട്പതിയായി ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സിപി രാധാകൃഷ്ണന്‍. ആര്‍ എസ്എസിലൂടെ പ്രവര്‍ത്തനത്തിലേക്ക് ചുവടുവെച്ചു. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷത പദവി അലങ്കരിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെയാണ് അദ്ദേഹം ഉപരാഷ്ട്പതി സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുക്കപ്പെടുന്നത്.