കാല്‍ക്കത്ത: വിജയം അനിവാര്യമായ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ അടിയില്‍ ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റംഗില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. സൗത്ത് ആഫ്രിക്കയും ഇന്ത്യയുമാണ് ഗ്രൂപ്പില്‍ നിന്ന് സെമീ ഫൈനലിലേക്ക് പ്രവേശിച്ചത്.
ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നായിരുന്നു. 196 ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ അഭിഷേക് ഷര്‍മ്മയേയും തുടര്‍ന്ന് ഇഷാന്‍ കിഷനേയും നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവിനെ കൂട്ട് പിടിച്ച് സഞ്ജു തന്‍റെ ആക്രമണം തുടര്‍ന്ന് 28 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി. 18 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്തായപ്പോള്‍ തിലക് വര്‍മ്മയെ കൂട്ട് പിടിച്ചായിരുന്നു പിന്നീട് സഞ്ജു തന്‍റെ ബാറ്റിംഗ് തുടര്‍ന്നത്. 15 പന്തില്‍ 27 റണ്‍സുമായി തിലക് വര്‍മ്മയും 17 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും പുറത്തായപ്പോള്‍ ഒറ്റയാന്‍ പോരാട്ടവുമായി കളത്തില്‍ സഞ്ജു ഉറച്ച് നിന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഫോറുമടിച്ചാണ് സഞ്ജു അനിവാര്യ വിജയം സമ്മാനിച്ചത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ശമാര്‍ ജോസഫും ജാസണ്‍ ഹോള്‍ഡറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാരായ ഷായ് ഹോപ്പിന്‍റെയും റോസ്റ്റണ്‍ ചേസിന്‍റെയും ശക്തമായ ബാറ്റിംഗ് മികവില്‍ മികച്ച തുടക്കമായിരുന്നു നല്‍കിയത്. ഷായ് ഹോപ്പ് 33 പന്തില്‍ 32 റണ്‍സും ചേസ് 25 പന്തില്‍ 40 റണ്‍സും സ്വന്തമാക്കി. അവസാനം വന്ന പവലും ജാസണ്‍ ഹോള്‍ഡറും തകര്‍ത്തടിച്ചപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 190ന് മുകളിലെത്തി. പവല്‍ 19 പന്തില്‍ 34 റണ്‍സും ജാസണ്‍ ഹോള്‍ഡര്‍ 22 പന്തില്‍ 37 റണ്‍സും കരസ്ഥമാക്കി. റണ്‍മല 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ജസ്പീത് ബുമ്രയുടെ മികച്ച ഓവറായിരുന്നു ഇതിനെ നിയന്ത്രിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഇതോടെ സെമീ ഫൈനലിലേക്കുള്ള ടീമുകളുടെ ലൈനപ്പ് വ്യക്തമായി. ഒന്നാം ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും യോഗ്യത നേടി. മാര്‍ച്ച് 4 നാലിന് ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിന നേരിടും മാര്‍ച്ച് 5ന് രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ഫൈനല്‍ മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.