യുഎഇ: രാജ്യത്തിന്‍റെ 53ാം ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായി രാജ്യത്തെ 1277 പൗരന്മാരുടെ മുഴുവന്‍ കടവും എഴുതിതള്ളാന്‍ യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഏകദേശം 400 മില്യന്‍ ദിര്‍ഹംസാണ് കണക്കാക്കപ്പെടുന്നത്. അബൂദാബി കിരീടവകാശിയും വൈസ് പ്രസിഡണ്ടുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ഉത്തരവ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക ക്ഷേമം ഉറപ്പുവരുത്തുകയാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യം
നാഷണല്‍ ഡിഫൗള്‍ട്ടട് ഡെബ്റ്റ് സെറ്റില്‍മെന്‍റ് ഫണ്ടാണ് (എന്‍.ഡി.ഡി.എസ്.എഫ്) 18 ബാങ്കുകളും മറ്റു ധനകാര്യം സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പ്രഖ്യാപനം. രാജ്യത്തെ വരുമാന പ്രയാസം നേരിട്ടവര്‍ക്കും, ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും, പ്രായമായവര്‍ക്കുമുള്‍പ്പടെ മറ്റു പലർക്കും ഈ ആനുകൂല്യം ലഭ്യമാവും.
മുഴുവന്‍ ബാങ്കുകളുടെ പേരു വിവരങ്ങളും അവര്‍ എഴുതി തള്ളുന്ന തുകയും എന്‍.ഡി.ഡി.എസ്.എഫ്. പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് മുമ്പും രാജ്യത്തിന്‍റെ ദേശീയ ദിനത്തില്‍ ഇതു പോലുള്ള പല ആനുകൂല്യങ്ങളും യു.എ.ഇ ഭരണാധികാരികള്‍ നടത്താറുണ്ടായിരുന്നു. ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായി പല എമിറേറ്റുകളും പാര്‍ക്കിങ് ഫീയും സൗജന്യമാക്കിയിട്ടുണ്ട്. ഈ വർഷം മുതലാണ് ദേശീയ ദിനത്തിന് ഈദുല്‍ ഇത്തിഹാദ് എന്ന നാമകരണവും ചെയ്തത്.