അബൂദാബി: രാജ്യത്തിന്‍റെ സുസ്ഥിരമായ വളര്‍ച്ചയും സംസ്‌കാരവും മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കാന്‍ തുടങ്ങുന്നത് കുടുംബത്തില്‍ നിന്നാണ്. അത് കൊണ്ട് 2026 കുടുംബ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. ‘ദേശീയ കുടുംബ വളര്‍ച്ചാ അജണ്ട് 2031’ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യുഎഇ ഗവണ്‍മെന്‍റ് ഇന്ന് നടത്തിയ വാര്‍ഷിക യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. യോഗത്തില്‍ രാജ്യത്തിന്‍റെ ഫെഡറല്‍-ലോക്കല്‍ നേതാക്കന്മാരും പങ്കെടുത്തു
കുടുംബ സംരക്ഷണവും ഐക്യവും സാഹോദര്യവുമാണ് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും കാരണമായിത്തീരുന്നത്, ഈ അവബോധം ഇവിടുത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ വളര്‍ത്തുകയെന്ന ലക്ഷ്യവും കൂടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രഖ്യാപനം ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.
തന്‍റെ പ്രസംഗത്തില്‍ യുഎഇ സ്ഥാപകന്‍ ശൈഖ് സായിദിന്‍റെ പ്രസിദ്ധമായ വാക്യമെടുത്ത് അദ്ദേഹം ഊന്നിപ്പറഞ്ഞു ”ശക്തമായ ഒരു സമൂഹത്തിന്‍റെ നല്ലൊരു അടിത്തറ കുടുംബമാണ്”. 2031 അജണ്ടയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കാനുള്ള പ്രത്യേക ടീമിനെയും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. രാജ്യത്തെ ഫെഡറല്‍-ലോക്കല്‍ അംഗങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 20 പേരാണ് ടീമിലുള്ളത്. 2015 മുതലാണ് യുഎഇ ഓരോ വര്‍ഷങ്ങളും വ്യത്യസ്ഥ പേരുകളില്‍ ആചരിക്കാന്‍ തുടങ്ങിയത്. അതിന്‍റെ ഭാഗവും കൂടിയാണ് പുതിയ പ്രഖ്യാപനം.