ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി
ന്യുയോര്‍ക്ക്: ലോകം ഏറ്റവും ശ്രദ്ധയോടെ കാത്തിരുന്ന തെരെഞ്ഞെടുപ്പായിരുന്നു ന്യുയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പ്. റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയത്. ന്യയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം മേയറാണ് അദ്ദേഹം. കേവലം 34 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം ന്യയോര്‍ക്ക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കൂടിയാണ്.
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിഷ്യന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. പല വിവാദ പരാമര്‍ശങ്ങളും നടത്തിയതോടെ മാധ്യമ ശ്രദ്ധ നേടിയ അദ്ദേഹത്തിനെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു.
ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം ഏഴാം വയസ്സിലാണ് ന്യയോര്‍ക്കിലെത്തുന്നത്. ശിശു സംരക്ഷണം, കുറഞ്ഞ യാത്രക്കൂലി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള അദ്ദേഹത്തിന്‍റെ പ്രകടന പത്രികയാണ് തെരെഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന വിവാദ പ്രസ്താവന നടത്തിയ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ വലിയൊരു വിഭാഗം ഇസ്രയേല്‍ വംശജരും കൂടിയായിരുന്നു.
അമേരിക്കയിലെ പല സിറ്റികളിലും നടന്ന തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഎസ് വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിന്‍റെ അര്‍ദ്ധസഹോദരന്‍ കോറി ബോമനും തോറ്റത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജനായ അഫ്താബ് പുരേവാല്‍ വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. വിര്‍ജീനിയ, ന്യജേഴ്‌സി എന്നീ ഗവര്‍ണ്ണര്‍ തെരെഞ്ഞെടുപ്പുകളിലും ഡ്രെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം.