കോഴിക്കോട്: നഗരത്തെ മുഴുവന്‍ നടുക്കിയ വന്‍ തീപിടുത്തം ഒടുവില്‍ അഞ്ച് മണിക്കൂറിന് ശേഷം നിയന്ത്രണവിധേയമാക്കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അഷ്‌റഫലി അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കാലിക്കറ്റ് ടെക്‌സ്റ്റൈല്‍ സ്ഥാപനത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് തീ ആരംഭിച്ചത്. വൈകാതെ മറ്റു സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. തീ പിടിത്തത്തിന്‍റെ കാരണം ഇതു വരെ വ്യക്തമല്ല. തുണിത്തരങ്ങളാണ് മുഴുവനും കത്തിയെരിഞ്ഞതെന്ന് ജീവനക്കാര്‍ പറഞ്ഞു.
സംഭവമറിഞ്ഞയുടനെ അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് പറന്നെത്തി. 20 യൂണിറ്റുകള്‍ ചുറ്റുവട്ടം നിന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നി രക്ഷാ സേന യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയിരുന്നു. മറ്റു കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള തന്ത്രങ്ങളായിരുന്നു ആദ്യം അഗ്നി രക്ഷാ പ്രവര്‍ത്തകര്‍ ചെയ്തത്.
വേനല്‍ അവധി കഴിയാനായതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമുകളുടെ തുണികള്‍ സ്‌റ്റോക്കായി സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നു. ഇത് മുഴുവനും കത്തി നശിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ആയതിനാല്‍ തിരക്ക് കുറവായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.