ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിച്ചേക്കും
മരിച്ച ബന്ദികളുടെ ഭൗതീക ശരീരവും കൈമാറും
കയ്‌റോ: സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന് ഒരു പക്ഷേ സൗഭാഗ്യമുണ്ടേല്‍ അതിവേഗം ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാം. പട്ടിണി കൊണ്ട് ലോകമനസാക്ഷിയെ കരയിപ്പിച്ച പട്ടിണി മരണങ്ങളുടെ ഗാസയില്‍ നിന്നാണത്. രാജ്യാന്തര മാധ്യമങ്ങളായ അല്‍ ജസീറ, ദി നാഷണല്‍, എഫ്പി പുറത്ത് വിട്ട് വാര്‍ത്തയനുസരിച്ച് പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ഭേദഗതിയൊന്നുമില്ലാതെ ഹമാസ് ഒപ്പുവെച്ചിരിക്കുന്നു. എന്നാലും കരാറനുസരിച്ച് 60 ദിവസത്തെ വെടി നിര്‍ത്തല്‍ കരാറിനാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഖത്തറും ഈജിപ്തും മുന്നോട്ട് വെച്ച വെടിനിർത്തല്‍ കരാറിലാണ് ഹമാസ് ഒപ്പുവെച്ചത്.
പുതിയ കരാറിനെ കുറിച്ച് ഇതുവരെ ഇസ്രയേല്‍ പ്രതകരിച്ചിട്ടില്ല. ഹമാസ് മുഴുവനായും കീഴടങ്ങണമെന്നാണ് ഇസ്രയേലിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കരാറനുസരിച്ച് ഇസ്രയേല്‍ ബന്ദികളെയും ഘട്ടങ്ങളായി ഹമാസ് മോചിപ്പിക്കും. തടവറയില്‍ മരണപ്പെട്ട 18 ഇസ്രയേല്‍ ബന്ദികളുടെ ഭൗതീക ശരീരവും വിട്ട്നല്‍കും. ചര്‍ച്ചകള്‍ക്കായ് കഴിഞ്ഞ ആഴ്ച്ച കയ്റോയില്‍ ഹമാസ് പ്രതിനിധ സംഘം എത്തിയിരുന്നു.
അതേ സമയം ഹമാസിനെ നശിപ്പിച്ചാല്‍ മാത്രമേ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. 2023 ല്‍ ആരംഭിച്ച് യുദ്ധത്തില്‍ ഹമാസ് 251 ഇസ്രയേലികളെയാണ് ബന്ദികളാക്കിയത്. ഇതില്‍ 148 പേരെ തിരികെ നല്‍കിയിരുന്നു. ബാക്കിയുള്ളവരാണ് നിലവില്‍ ഹമാസിന്‍റെ കയ്യിലുള്ളത്. അതില്‍ ചിലര്‍ തടവറയില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.